plastic-waste

ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ നോക്കുകുത്തി. ആശുപത്രിയിൽ പൊതിച്ചോറുകളുടെ അവശിഷ്ടങ്ങൾ കുന്നുകൂടുന്നു. പൊതിച്ചോറുകൾ പൊതിയാനുപയോഗിക്കുന്ന കട്ടികുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകളാണ് വില്ലനാകുന്നത്.
ചട്ടപ്രകാരം രോഗികൾക്കുള്ള ഭക്ഷണം പാത്രങ്ങളിൽ മാത്രമേ ആശുപത്രിക്ക് അകത്തേക്ക് കൊണ്ടുവരാവൂ. . പരാതിയും പ്രതിഷേധവും ശക്തമാകുമ്പോൾ മാലിന്യം വലിച്ചെറിയൽ മറ്റൊരിടത്തേക്ക് മാറ്റും. ഇത്തരത്തിൽ ആശുപത്രി പരസരമാകെ മാലിന്യമലയായിരിക്കുകയാണ്. മെഡിക്കൽ കോളേജ്, എസ്.എ.ടി എന്നിവിടങ്ങളിലെ മാലിന്യങ്ങൾ മുഴുവൻ നിർമാർജ്ജനം ചെയ്യാൻ ശേഷിയുള്ള അത്യാധുനിക ഇൻസിനറേറ്റർ സ്ഥാപിച്ചാൽ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജനുവരിയിൽ നിയന്ത്രണം വരുന്നതോടെ മെഡിക്കൽ കോളേജിലെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ് കുറയുമെന്നും അധികൃതർക്ക് പ്രതീക്ഷയുണ്ട്.

ആശുപത്രിക്കുള്ളിൽ പ്ലാസ്റ്റിക്കിന്

വിലക്കേർപ്പെടുത്തിയത് 2015 ജൂണിൽ

വിലക്കിന് പുല്ലുവില

ആശുപത്രിയിൽ പ്ളാസ്റ്റിക്കിന് വിലക്കേർപ്പെടുത്തിയെങ്കിലും ഇത് പാലിക്കപ്പെടാത്തതാണ് മാലിന്യം കുന്നുകൂടാൻ കാരണം. ഇതോടെ ടൺ കണക്കിനു മാലിന്യമാണ് ദിവസേന കുന്നുകൂടുന്നത്. വാർഡുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ജീവനക്കാർ എസ്.എ.ടി ആശുപത്രിക്ക് പിന്നിലെ ഒഴിഞ്ഞ പ്രദേശങ്ങളിൽ എത്തിച്ച് ഡീസൽ ഒഴിച്ച് കത്തിക്കുകയോ കുഴിച്ചു മൂടുകയോ ആണ് ചെയ്യുന്നത്. ചില ദിവസങ്ങളിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ ഒഴിഞ്ഞ പ്രദേശങ്ങളിലേക്ക് വലിച്ചെറിയുന്നതും പതിവാണ്.

പ്ലാസ്റ്റിക് വരുന്നത് ഈ വഴി

1.വെള്ളത്തിനായി മിനറൽ വാട്ടർ

2.വീട്ടിൽ നിന്നെത്തിക്കുന്ന പൊതിച്ചോറുകൾ

3.കരിക്കിൻ വെള്ളം എത്തിക്കുന്ന പ്ളാസ്റ്റിക് കാരിയർ

4.വസ്ത്രങ്ങൾ കൊണ്ടുവരുന്ന കവറുകൾ

5.മെത്ത/ പില്ലോക്കവറുകൾ

അലക്ഷ്യമായി ഉപേക്ഷിക്കുന്നു

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിപ്പോകുന്നവർ ഉപയോഗിച്ചിരുന്ന പ്ളാസ്റ്റിക് കുപ്പികളും കത്തീറ്റർ പോലുള്ള ഉപകരണങ്ങളും ബെഡിന് താഴെ ഉപേക്ഷിച്ചിട്ടാണ് പോകുന്നത്. കൂടാതെ പ്ലാസ്റ്റിക് കവറുകളും പുറത്ത് നിന്നെത്തിക്കുന്ന അവശ്യസാധനങ്ങളും ബെഡിന് താഴെ ഉപേക്ഷിച്ച ശേഷമാണ് ആശുപത്രി വിടുന്നത്. ഈ പ്രവണതയ്ക്ക് മാറ്റമുണ്ടാകണം. ഡിസ്ചാർജ് സമയത്ത് ഇത് ശ്രദ്ധിക്കാൻ കഴിഞ്ഞാൽ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാം.

ബയോഗ്യാസ് പ്ലാന്റ് പദ്ധതി:

സ്ഥാപിക്കാനൊരുങ്ങിയ ബയോഗ്യാസ് പ്ലാന്റുകൾ: 6

ലക്ഷ്യം: മാലിന്യ നിർമ്മാർജ്ജനം

ഫലം: ഒന്നും ഫലം കണ്ടില്ല.