തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ മോണോ ആക്ടിലൂടെ നിശിതമായി വിമർശിച്ച് വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിലെ ഹരിരാജ് കാണികളുടെ കൈയടി നേടി. മത്സരത്തിനൊടുവിൽ ഹരിരാജ് ഒന്നാമനായി കാഞ്ഞങ്ങാട് നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനും യോഗ്യത നേടി.
ബീഫ് കഴിക്കരുതെന്ന് പറഞ്ഞവർ കോഴിയിറച്ചി നിരോധിച്ച കാലം, ഇഷ്ടവസ്ത്രങ്ങൾ ധരിക്കാൻ കഴിയാതെ വരുന്ന കാലം. എന്തിന് കേരളം തന്നെ ഇല്ലാതായി ഹിന്ദി ഭാഷ അടിച്ചേല്പിക്കപ്പെടുന്ന കാലം, ഒറ്റ മിസ് കോളിൽ അംഗമാവൂ എന്ന് പറയുന്നത് പോലെ ഒറ്റ മിസ് കോളിൽ പൊതുമേഖല സ്ഥാപനങ്ങൾ വാങ്ങാമെന്ന് പറയുന്ന കാലം. ഐ.എസ്.ആർ.ഒ തൂക്കിവിൽക്കുന്ന കാലം എന്നിങ്ങനെ അതിവിദൂരമല്ലാതെ ആ കാലത്തെ പരിഹാസ്യ രൂപേണയാണ് ഹരിരാജ് വേദിയിൽ അവതരിപ്പിച്ചത്. ഇതാദ്യമായാണ് മോണോ ആക്ടിൽ ഹരിരാജ് മത്സരിച്ചത്. ബാബുരാജാണ് ഹരിരാജിന്റെ അച്ഛൻ, അമ്മ ശശികലയും.