തിരുവനന്തപുരം: വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥി ക്ളാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സാഹചര്യത്തിൽ സ്കൂളുകളിലെ ചെറിയ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധവേണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഇന്നലെ കർശന ഉത്തരവ് പുറത്തിറക്കി. ക്ളാസ്മുറികളിലും മതിലുകളിലും ടോയ്ലറ്റുകളിലും ഉള്ള ദ്വാരങ്ങൾ അടിയന്തിരമായി സിമന്റുപയോഗിച്ച് അടക്കണമെന്നും ഇതിന് പഞ്ചായത്തുകളുടെ സഹായം തേടാമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിലെ 11ഇന നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന റിപ്പോർട്ട് ഡിസംബർ 10ന് വൈകിട്ട് 4നകം സംസ്ഥാനത്തെ എല്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണം.

മറ്റ് നിർദ്ദേശങ്ങൾ

30ന് മുമ്പ് എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ വിളിച്ചുകൂട്ടണം.

സ്കൂളിലെ അപകടങ്ങൾക്കെതിരെ മുൻകരുതലെടുക്കണം.

വിദ്യാർത്ഥികൾ ചെരിപ്പ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തരുത്.

ടോയ്ലറ്റുകളിൽ വെളിച്ചമുണ്ടാകണം.

സ്കൂൾ പരിസരത്ത് ചപ്പുചവറുകൾ കൂട്ടിയിടരുത്.

കുറ്റിച്ചെടികളും കാടുപടലങ്ങളും വെട്ടിമാറ്റണം.

വിദ്യാർത്ഥികളുടെ ചെറിയ അസ്വസ്ഥതകൾ പോലും ഗൗരവത്തോടെ ഏറെ ശ്രദ്ധനൽകി ജാഗ്രതയോടെ കൈകാര്യം ചെയ്യണം.

ക്ളാസ് കഴിഞ്ഞാൽ മുറികൾ അടച്ചുപൂട്ടണം. .