ശ്രീകാര്യം: വ്യാപാര സ്ഥാപനങ്ങളിൻ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾക്ക് അനധികൃത പിഴ ചുമത്തുകയും ഇത് ചോദ്യം ചെയ്തവർക്കെതിരെ കേസെടുക്കുകയും ചെയ്ത ശ്രീകാര്യം എസ്.ഐ.സജികുമാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശ്രീകാര്യത്ത് ഇന്നലെ ഉച്ചവരെ കടകൾ അടച്ച് പ്രതിഷേധിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തുകയും ചെയ്തു. മാർച്ച് ലയോള കോളേജിന് സമീപം വച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതേത്തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പൊലീസ് ക്യാമ്പിൽ നിന്നെത്തിയ പൊലീസുകാരൻ ലാത്തികൊണ്ട് ഒരു പ്രവർത്തകനെ വയറ്റിൽ കുത്തിയെന്നാരോപിച്ച് പ്രവർത്തകർ ബഹളം വയ്ക്കുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്‌തെങ്കിലും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഇടപെട്ട് രംഗം ശാന്തമാക്കി. കഴക്കൂട്ടം അസി. കമ്മിഷണർ അനിൽകുമാർ, ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. സി.പി.എം എൽ.സി. സെക്രട്ടറി സ്റ്റാൻലി ഡിക്രൂസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാസെക്രട്ടറി ചെമ്പഴന്തി ഉദയൻ, വ്യാപാരി വ്യവസായി സമിതി ശ്രീകാര്യം യൂണിറ്റ് സെക്രട്ടറി അജിത്ത് ലാൽ, ജോഷി ജോൺ തുടങ്ങിയവർ സംസാരിച്ചു. എസ്.ഐ സജികുമാർ നിർബന്ധിത അവധിയിൽ പോയതായി കഴക്കൂട്ടം അസി. കമ്മിഷണർ അനിൽകുമാർ അറിയിച്ചു.