തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് ജീവനക്കാർക്ക് ഒക്ടോബറിലെ ശമ്പള കുടിശ്ശിക ഇന്നു നൽകും. നവംബറിലെ ദിവസ വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ച 31 കോടി രൂപകൊണ്ടാണ് കുടിശ്ശിക നൽകുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ഓപ്പറേറ്റിംഗ് വിഭാഗത്തിലെ താഴേത്തട്ടിലെ ജീവനക്കാർക്കു മാത്രമാണ് ഇന്ന് ശമ്പളം നൽകുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റുള്ളവരുടെ ശമ്പളം 26 ന് നൽകും. സാമ്പത്തിക പ്രതിസന്ധി കാരണം ഈമാസം എട്ടിന് 37 കോടി രൂപകൊണ്ട് ഭാഗിക ശമ്പളം നൽകിയിരുന്നു.

കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്നലെ ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതലയോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. ധനമന്ത്രി തോമസ് ഐസക് സ്ഥലത്തില്ലാത്തതിനാലാണ് യോഗം മാറ്റിവച്ചത്.