തിരുവനന്തപുരം: ഒന്നിലധികം ജന്മവൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിനെ അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് കിംസ് ആശുപത്രിയിലെ ഡോക്ടർമാർ. അപൂർണമായ അന്നനാളവും മലദ്വാരത്തിന്റെ അഭാവവും ഉമിനീർ അമിതമായി ഒഴുകുന്നതുമടക്കം സങ്കീർണമായ വൈകല്യങ്ങൾ ഉണ്ടായിരുന്ന കുട്ടിക്കാണ് കിംസിലെ ഡോക്ടർമാർ ജീവിതം തിരികെ നൽകിയത്.
ഗർഭാവസ്ഥയിൽ നടത്തിയ അൾട്രാസൗണ്ട് സ്‌കാനിൽ ഒന്നിലധികം വൈകല്യങ്ങൾ മനസിലാക്കിയിരുന്നു. അതിനാൽ കുട്ടിയെ ജനിച്ചയുടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വായിൽനിന്നു ഉമിനീർ പുറത്തേക്ക് ഒഴുകുന്നതിനാൽ വെന്റിലേറ്ററിന്റെ സഹായവും നൽകി. തുടർന്ന് അടിയന്തരമായി ഓപ്പറേഷൻ നടത്താനായി ഡോക്ടർമാരുടെ സംഘത്തെ രൂപീകരിച്ചു. ദീർഘമായ അനസ്‌തേഷ്യ കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്നതിനാൽ രണ്ടുഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു കൃത്രിമ ട്യൂബിലൂടെ ഭക്ഷണം വയറ്റിലെത്തിക്കുകയും ഒത്തുചേരാതെ കിടന്ന ചെറുകുടൽ യോജിപ്പിച്ച ശേഷം മലം പുറത്തേക്ക് പോകാനായി വൻകുടലിൽ സൗകര്യമൊരുക്കുകയും ചെയ്‌തു. ഉമിനീർ പുറന്തള്ളാൻ കഴുത്തിൽ അന്നനാളത്തിന്റെ ഭാഗത്ത് ദ്വാരമുണ്ടാക്കുകയും ചെയ്‌തു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിക്ക് പോഷകാഹാരം ട്യൂബിലൂടെ നൽകി. പിന്നീട് കുട്ടി മലവിസർജ്ജനം നടത്തി. കുട്ടിയുടെ അപാകതകൾ പൂർണമായി പരിഹരിക്കാൻ കൂടുതൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോ. ഹരിഹരൻ, ഡോ. ഹൃദ്യ, ഡോ. നവീൻ ജെയിൻ, ഡോ. ചാക്കോ രാമച്ച എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.