തിരുവനന്തപുരം: ഫ്ലാറ്റിലെ ലിഫ്ടിൽ കുടുങ്ങിയ രണ്ടുപേരെ ഫയർഫോഴ്‌സ് പുറത്തെത്തിച്ചു. ഇന്നലെ രാത്രി 9ഓടെ ആക്കുളം പി.ടി.സി ടവറിലാണ് സംഭവം. പതിനൊന്നാം നിലയിൽ നിന്നു താമസക്കാരായ പുരുഷനും സ്ത്രീയും താഴേക്ക് വരാൻ ലിഫ്ടിൽ കയറിയപ്പോഴാണ് സംഭവം. ഈ സമയം ലിഫ്ട് ഓപ്പറേറ്റർ സ്ഥലത്തുണ്ടായിരുന്നില്ല. ഏകദേശം അരമണിക്കൂറോളം ലിഫ്ടിൽ കുടുങ്ങിപ്പോയ ഇവരെ പിന്നീട് ചാക്ക ഫയർസ്റ്റേഷനിലെ ജീവനക്കാരെത്തിയാണ് പുറത്തെത്തിച്ചത്. ലിഫ്ട് നിന്നുപോയാൽ ഉള്ളിലുള്ളവരെ പുറത്തെത്തിക്കാൻ ഓരോ നിലയിലും ലിഫ്ടിന്റെ താക്കോൽ സൂക്ഷിക്കണമെന്നുണ്ടെങ്കിലും ഇവിടെ അതുണ്ടായിരുന്നില്ല. അതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ഇവരെ പുറത്തെത്തിച്ചത്.