തിരുവനന്തപുരം: സി.എസ്.ഐ.ആറിന്റെയും പാപ്പനംകോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർഡിസിപ്ളിനറി സയൻസ് ആൻഡ് ടെക്നോളജിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ നടക്കുന്ന നാലുദിവസത്തെ അന്താരാഷ്ട്ര ജൈവ സാങ്കേതികതാ സമ്മേളനം നാളെ സമാപിക്കും. വ്യാഴാഴ്ച ആരംഭിച്ച സമ്മേളനത്തിൽ ഡൽഹി എയിംസിലെ പ്രൊഫ. ടി.പി.സിംഗ്, ലക്നോ സി.എസ്.ഐ.ആറിലെ പ്രൊഫ. അശോക് പാണ്ഡെ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം സി.എസ്.ഐ.ആറിലെ ഡോ. മാധവൻ നമ്പൂതിരി. ഡോ. രാജീവ് കെ. സുകുമാരൻ, ഡോ.പി. ബിനോദ് തുടങ്ങിയവരാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. ജൈവ സാങ്കേതികതയിലെ മുൻനിര മേഖലകളായ ആരോഗ്യം, ബയോ ഫ്യൂവൽ മേഖലകളിൽ അന്താരാഷ്ട്ര തലത്തിലുണ്ടായ പുതിയ കണ്ടെത്തലുകളും ഗവേഷണ മേഖലകളും അതിന്റെ പുരോഗതിയുമാണ് സമ്മേളനം ചർച്ച ചെയ്യുന്നത്. ഇൗ മേഖലയിലെ അന്താരാഷ്ട്ര പ്രശസ്‌തരായ ഡോ. അലോക് ധവാൻ, അമേരിക്കയിലെ മൻഹാട്ടൺ സർവകലാശാലയിലെ പ്രൊഫ. റോഗർ റൗൺ, ആൻ്ജൻ റായ് തുടങ്ങിയവരുടേതുൾപ്പെടെ മുന്നൂറോളം പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഗവേഷകർ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി 500ഒാളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമാപന ദിവസമായ നാളെ ജൈവ സാങ്കേതിക മേഖലയിലെ ഫെല്ലോഷിപ്പ്, യുവ ശാസ്ത്രജ്ഞ പുരസ്‌കാരം, വനിതാ പുരസ്‌കാരം എന്നിവ വിതരണം ചെയ്യും.