ഭായിയോം, ബഹനോം ഫെയിം ന.മോ.ജിയും അമിത് ഷാജിയും തികഞ്ഞ ജൈവകർഷകരാണ്. കർഷകശ്രീ അവാർഡ് എത്രയോതവണ ഇവരെ തേടിയെത്തിയിരിക്കുന്നു. ഇവരുടെ കണ്ണുവെട്ടിച്ച് വിളവിറക്കാൻ മഹാരാഷ്ട്രയിലല്ല, ഭൂലോകത്തെവിടെയും ഒരു ഡ്യൂപ്ലിക്കേറ്റ് കർഷകനും വളർന്നിട്ടില്ല. അത് മനസിലാക്കാതെ ഉദ്ധവതാക്കറെ സിംഹവും പച്ചവെള്ളം പോലും ചവച്ചരച്ച് മാത്രം കുടിക്കുന്ന വേണുഗോപാലഗാന്ധിയും പിന്നെ ശരദ്പവാർജിയും ചേർന്ന് കൃഷിയിറക്കാൻ നോക്കിയാലെന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മ്ഹ്..മ്ഹ്..മ്ഹ്.. എന്ന് ന.മോ.ജി നീട്ടിച്ചിരിച്ചപ്പോൾ ബുഹ..ഹ..ഹ.. എന്ന് അമർത്തിച്ചിരിച്ചുവത്രെ അമിത് ഷാജി. ആ ചിരികളിൽ മറഞ്ഞുകിടന്ന ആന്തരികസമസ്യകൾ എന്തൊക്കെയായിരുന്നു എന്ന് വെള്ളിയാഴ്ച ഇരുട്ടി ശനിയാഴ്ച വെളുത്തപ്പോഴാണ് ഉദ്ധവതാക്കറേസിംഹത്തിന് ബോദ്ധ്യമായത്. നല്ല ഒന്നാന്തരം ഉള്ളികൃഷിയിറക്കി ശീലിച്ചിട്ടുള്ള പവാർജിയുടെ ഇരിപ്പുവശം കണ്ടപ്പോഴേ വേണുഗോപാലഗാന്ധിക്ക് സംഗതി വശപ്പിശകായി തോന്നിയെന്നാണ് പറയുന്നത്. ഒരേസമയം ന.മോ.ജിയെയും സോണിയാജിയെയും കാണാൻ സാധിക്കുന്ന പവാർജിയുടെ ശേമുഷി അറിയാവുന്നത് കൊണ്ട് മാത്രം വേണുഗോപാലഗാന്ധി ഒന്നും പറഞ്ഞില്ലെന്നേയുള്ളൂ. ശരദ്പവാർജി ഇപ്പോൾ പറയുന്നത് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്നാണ്. എല്ലാം അജിത്പവാർജിയുടെ വേലകളിയാണത്രെ. ഏതായാലും ഇതൊരുമാതിരി നാഷണലിസ്റ്റ് ചതിയായിപ്പോയിയെന്നാണ് വേണുഗോപാലഗാന്ധിയുടെ വിലാപം.
കർഷകനായാൽപ്പോരാ, കൃഷിയിറക്കാനുമറിയണമെന്നാണ് വേണുഗോപാലഗാന്ധിയോട് ഉപദേശിക്കാനുള്ളത്. രാഹുൽമോനെപ്പോലെ ധ്യാനത്തിന് പോകുന്നതാകും ഇനിയങ്ങോട്ട് കരണീയം. അല്ലെങ്കിൽ ന.മോ.ജി - അമിത് ഷാജി കൂട്ടുകെട്ടിൽ നിന്ന് ഇനിയും ഇതുപോലുള്ള ജൈവവിത്തുകൾ വികസിച്ചുവന്നെന്നിരിക്കും. അല്ലെങ്കിൽ പിന്നെ, വെറുതെ അതുമിതുമാലോചിച്ച് തല പെരുപ്പിക്കാതെ, എല്ലാം കർഷകതാത്പര്യത്തിനല്ലേയെന്ന് സമാധാനിക്കുക. എന്തേ?
കണിയാർക്കും വരും കാലക്കേട് എന്ന ചൊല്ല് രൂപപ്പെടുത്തിയത് നമ്മുടെ സ്പീക്കറദ്ദേഹം ശ്രീരാമകൃഷ്ണനെ കണ്ടുകൊണ്ടായിരുന്നു എന്നാണ് ചില സഭാരേഖകൾ പറയുന്നത്. ഫേസ്ബുക് മുതൽ നിയമസഭ വരെയും തിരിച്ച് നിയമസഭ തൊട്ട് ഫേസ്ബുക് വരെയും ഏതഭ്യാസവും പയറ്റാൻ തണ്ടും തടിമിടുക്കുമുള്ള ബഹു. തൃത്താല അംഗം വി.ടി. ബലരാമന്റെ ഏറ്റവുമൊടുവിലത്തെ അഭ്യാസപ്രകടനം സ്പീക്കർസാറിന്റെ കാലക്കേടിന്റെ ആഴം വ്യക്തമാക്കിത്തരികയുണ്ടായി. നടുത്തളത്തിലെ ബലരാമന്റെ ഓട്ടൻതുള്ളൽ പലതുകൊണ്ടും ഘനഗംഭീരമായിരുന്നു.
വെയില് കൊണ്ടിട്ടില്ലാത്തതിനാൽ ഇന്നേവരെ കറുക്കേണ്ടി വന്നിട്ടില്ലാത്ത ദേഹിയാണ് ബഹു. തൃത്താല മെമ്പർ. പൊലീസിന്റെ ജലപീരങ്കിയിൽ കുളിക്കാൻ നിന്നുകൊടുത്തിട്ടുമില്ല. പക്ഷേ ഫേസ്ബുകിൽ ജലപീരങ്കിയല്ല, ഗ്രനേഡ് വന്നാലും അത് ഉള്ളം കൈയാലേ പിടിച്ചെടുത്ത് തിത്തിത്തൈ ആടുന്ന 'പുഷ്കരനാ'ണ്. ഫേസ്ബുക് കഴിഞ്ഞാൽ ശ്രീരാമകൃഷ്ണൻസ്പീക്കറുടെ നിയമസഭാനടുത്തളമാണ് ബലരാമന്റെ കളരി. ആ ബലരാമനെ നിസാരവത്കരിക്കാൻ സ്പീക്കർസാർ ഒരുമ്പെടരുതായിരുന്നു എന്ന് ഇക്കഴിഞ്ഞ സഭാസമ്മേളനത്തിന്റെ കലാശക്കൊട്ടിലെ കാഴ്ചകൾ കണ്ടപ്പോൾ ദ്റോണർക്ക് തോന്നിപ്പോയി.
കാരിരുമ്പ് വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിക്കുകയും അതുവഴി വിഴുങ്ങിയ കാരിരുമ്പ് ദഹിക്കുമോയെന്ന് പരീക്ഷിക്കുകയും ചെയ്ത ഹതഭാഗ്യന്റെ അവസ്ഥയിലാണ് ഈയിടെയായി നമ്മുടെ ബഹു. സ്പീക്കർ സാറിന്റെ നില്പ്. സ്വതേ ദുർബല, പോരാത്തതിന് ഗർഭിണി എന്നും വ്യാഖ്യാനിക്കാം. നാലുകൊല്ലം മുമ്പൊരു ശപിക്കപ്പെട്ട മാർച്ച് 13ന് കെ.എം.മാണിസാറിന്റെ ബഡ്ജറ്റ് ദിന കലാപരിപാടിക്കിടെ മെഗാ തിരുവാതിരയിൽ പങ്കെടുക്കാൻ ശ്രീരാമകൃഷ്ണൻസാറിന് അവസരം കൈവരികയുണ്ടായി. കൈലാസമെടുത്ത് പറന്ന ഹനുമാൻജിയെപ്പോലെ ജനാധിപത്യത്തിന്റെ ശ്രീകോവിലിനകത്തെ കസേരയെ ബലിഷ്ഠകരങ്ങളാൽ ഇളക്കിയെടുത്ത് തൂക്കിയെറിഞ്ഞ ബഹു. ഇ.പി. ജയരാജനണ്ണൈക്ക് ഒരു കൈ സഹായം നൽകാൻ വിശാലമനസ്കനായിപ്പോയതിനാൽ അന്നദ്ദേഹം തുനിഞ്ഞു. അന്ന് മറിഞ്ഞുവീണ ആ കസേര എങ്ങനെയെല്ലാമോ തിരിച്ച് ഡയസിന്റെ മുകളിലെത്തിപ്പെട്ടപ്പോൾ അതിലിരിക്കാനുള്ള നിയോഗം നിർഭാഗ്യവശാൽ വന്നുപെട്ടത് ശ്രീരാമകൃഷ്ണന് തന്നെയായിപ്പോയി. എന്തു ചെയ്യാനാണ്!
പിണറായി സഖാവ് കാരണമാണ് അത് സംഭവിച്ചത്. അതിൽപിന്നെ ശ്രീരാമകൃഷ്ണന്റേത് പ്രത്യേക മാനസികാവസ്ഥയായിരുന്നു. ഒരു മാതിരി, കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന പരുവം. ഈ അവസ്ഥ ഇപ്പോൾ അറിയപ്പെടുന്നത് തന്നെ ശ്രീരാമകൃഷ്ണാവസ്ഥ എന്നായിട്ടുണ്ട്.
ഡയസിൽ കയറി കോൽക്കളി കളിക്കാനുള്ള നിയോഗം കാലാന്തരത്തിൽ ബഹു. ചെന്നിത്തല ഗാന്ധിക്കും ശിഷ്യഗണങ്ങൾക്കും വന്നുഭവിച്ചു. അതിന് അവരെ കുറ്റം പറയാനാവില്ല. സഹ എം.എൽ.എ ഷാഫി പറമ്പിലിനെ പൊലീസ് സ്നേഹവാത്സല്യാതിരേകത്താൽ 'തലോടി'യാൽ ആരായാലും ഇങ്ങനെയൊക്കെ ചെയ്തുപോകും. അങ്ങനെ ഡയസിൽ കയറിയവരെ ഉഗ്രശാസനയ്ക്ക് വിധേയരാക്കിയതായി ശ്രീരാമകൃഷ്ണൻസാർ പ്രഖ്യാപിച്ചപ്പോഴാണ് നേരത്തേ പറഞ്ഞ വ്യാഘ്രം ബലരാമൻ ചീറിപ്പാഞ്ഞ് നടുത്തളത്തിൽ നൃത്തമാടിയത്. നേമം വഴി വിരിഞ്ഞ താമര രാജഗോപാൽജിയുടെ ശുപാർശ ഉഗ്രശാസനയ്ക്ക് പിന്നിലുണ്ടായിയെന്ന് സ്പീക്കർസാർ മുൻപിൻ നോക്കാതെ പറഞ്ഞുപോയത് കൂടിയായപ്പോൾ ശനിയുടെ അപഹാരം പൂർണമായി!
ശ്രീരാമകൃഷ്ണൻസാറിന് ഒരുഗ്രശാസന പോലും നടത്താനാവാത്ത അവസ്ഥ സൃഷ്ടിച്ചതിന് ഉത്തരവാദിയാരാണ്! ശിവൻകുട്ടിസഖാവോ അതോ ജയരാജനണ്ണൈ സഖാവോ? ആരായാലും ഇതൊരു വല്ലാത്ത അവസ്ഥയാണ്. എന്തു ചെയ്യാം, കണ്ടകശനി കൊണ്ടേ പോകൂ എന്നായത് കൊണ്ട് വിധിയെ തടുത്തുനിറുത്താനാവതില്ല!
ഇ-മെയിൽ: dronar.keralakaumudi@gmail.com