kov

കോവളം: വിഴിഞ്ഞം ഹാർബർ റോഡിൽ മുഹിയ്യിദ്ദീൻ പള്ളിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടത് ജനങ്ങളെ ദുരിതത്തിലാക്കിയിട്ടും തിരിഞ്ഞു നേക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അശാസ്ത്രീയ റോഡ് നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ചെറിയ മഴയിൽ പോലും പ്രദേശം വെള്ളത്തിന് അടിയിലാകും. പളളിയുടെ മുൻവശം വെള്ളം കെട്ടി നിൽക്കുന്നത് പ്രാർത്ഥനക്കായി പള്ളിയിലെത്തുന്നവരെയും ഇതുവഴിയുള്ള കാൽനടയാത്രക്കാരെയും ദുരിത്തിലാക്കുകയാണ്. തീരദേശ പൊലീസിലെയും തീരസംരക്ഷണ സേനയിലെയും മറൈൻ എൻഫോഴ്സ്മെന്റിലെയും ഉദ്യോഗസ്തരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയും ഉത്തരവാദിത്വമില്ലായ്മയും കാരണം കരാറുകാർ തന്നിഷ്ട പ്രകാരം റോഡ് പണി നടത്തിയതാണ് പള്ളിക്ക് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മുഹിയിദ്ദീൻ പള്ളിയിലെ ഉറൂസ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രശ്നത്തിന് പരിഹാരം കാണാൻ തയാറാകാത്ത അധികൃതരുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തിരമായി ഇടപെട്ട് വെള്ളം ഒഴുകി പോകാനുള്ള നടപടി സ്വീകരിച്ച് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളുടെ പിന്തുണയോടെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നാട്ടുകാരും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും പറഞ്ഞു.