dd

നെയ്യാറ്റിൻകര: അമരവിള മുതൽ ഒറ്റശേഖരമംഗലം വരെയുള്ള ഹൈടെക് റോഡ് നിർമ്മാണത്തിന് ടെൻഡർ നൽകിയത് ബി.എം, ബി.സി ടെക്നോളജിയിൽ ഹൈടെക് റോഡ് നിർമ്മിക്കാനാണ്. എന്നാൽ നിലവിൽ നിർമ്മാണം നടത്തുന്നത് സാധാരണ റോഡായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. അമരവിള മുതൽ ഒറ്റശേഖരമംഗലം വരെ റോഡരികിലെ വളവുകൾ മാറ്റി സ്ട്രെയിറ്റാക്കാനാണ് കരാർ. ഇതിൻ പ്രകാരം അറ്റാച്ച് ചെയ്യുവാനുള്ള റോഡരികിലെ ഭൂമി അളന്ന് കല്ലിട്ടെങ്കിലും അതൊക്കെ മറന്ന് തുടങ്ങിയ റോഡ് പണി ഇപ്പോൾ കിഫ്ബി തടഞ്ഞിരിക്കുകയാണ്. അമരവിള മുതൽ ഒറ്റശേഖരമംഗലം വരെ സൈഡ് വാൾ നിർമ്മിച്ച് 12 കി.മീ റോഡ് പണിക്ക് കിഫ്ബി ഫണ്ടിൽ നിന്നും 30 കോടി രൂപയാണ് അനുവദിച്ചത്. റോഡിന്റെ നിർമ്മാണം ആഘോഷത്തോടെ നടത്തുകയും ചെയ്തു. ഒരു വർഷത്തെ കാലാവധിയിലാണ് നിർമ്മാണ കരാർ നൽകിയത്. 2018ൽ ആരംഭിച്ച ജോലികൾ ഇപ്പോഴും അനന്തമായി നീളുകയാണ്.

വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ സംവിധാനമൊരുക്കാത്തതുകാരണം കിഫ്ബി അധികൃതർ ആദ്യം പണി തടഞ്ഞു. ജോലികൾ പുനരാരംഭിക്കാനിരികെ ടാർ മിക്സിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായത് വീണ്ടും നിർമ്മാണം തടസപ്പെടുത്തി. പിന്നീട് പലതവണ പദ്ധതി തടസപ്പെട്ടു.

നിർമ്മാണം ഓരോ തവണയും മുടങ്ങുമ്പോഴും മഴ നിറുത്താതെ പെയ്തതോടെ നാട്ടുകാർക്ക് വഴി നടക്കാൻ പോലും പറ്റാത്ത അവസ്ഥയായി. പെരുങ്കടവിളയിൽ പാലം നിർമ്മിക്കാൻ പില്ലറുകൾ സ്ഥാപിച്ചതും അമരവിള മുതൽ ചായ്‌ക്കോട്ടുകോണം വരെയും പൂവൻകാല മുതൽ പെരുങ്കടവിള വരെയും ആദ്യഘട്ട ടാറിംഗ് നടത്തിയതും മാത്രമാണ് പദ്ധതിയുടെ ഭാഗമായി നടന്നത്. റീടാറിംഗിനായി പലഭാഗത്തും മണ്ണുമാന്തി ഉപയോഗിച്ച് റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. മഴ പെയ്‌തതോടെ റോഡിൽ കുഴിയും വെള്ളക്കെട്ടുമായി.

റോഡിന്റെ നിർമ്മാണ ചുമതല ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുഡ്ട്രോളി എന്ന കമ്പനിയാണ് ഏറ്റെടുത്തത്.ഇവർ മറ്റ് കോൺട്രാക്ടർമാരെ പണി ഏല്പിച്ചു.നിർമ്മാണത്തിലെ അപാകതയെ തുടർന്ന് നാട്ടുകാർ പരാതിയുമായെത്തിയപ്പോളാണ് കിഫ്ബി പണി നിറുത്തി വയ്ക്കാൻ സ്റ്റോപ്പ് മെമ്മോ നൽകിയത്. സ്റ്റോപ്പ് മെമ്മോ നിലനിൽക്കേ പിന്നെയും പണി തുടങ്ങിയത് തർക്കത്തിനിടയാക്കിയിരിക്കുകയാണ്.