തിരുവനന്തപുരം: മഹാരാഷ്ട്രയിൽ എൻ.സി.പി ബി.ജെ.പിയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിച്ചതോടെ കേരളത്തിൽ എൽ.ഡി.എഫ് മന്ത്രിസഭാംഗമായ എ.കെ.ശശീന്ദ്രനോട് സി.പി.എം എന്തു നിലപാട് സ്വീകരിക്കുമെന്ന ചോദ്യമുയരുന്നു. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഒരു പാർട്ടിയുടെ പ്രതിനിധിയെ
എൽ.ഡി.എഫിന് ഒരിക്കലും കൂടെ നിറുത്താൻ പറ്രില്ല. എൻ.സി.പി ശിവസേനയുടെ കൂടെ ചേരുന്നു എന്നു കണ്ടപ്പോൾ തന്നെ കേരളത്തിൽ പല ഇടതുനേതാക്കളുടെയും പുരികം ചുളിഞ്ഞിരുന്നതാണ്. എന്നാൽ ബി.ജെ.പിയെ ഒറ്രപ്പെടുത്താനുള്ള നീക്കം എന്നതിന്റെ ഭാഗമായി ദേശീയ തലത്തിൽ സി.പി.എം ഈ നിലപാടിനെ അനുകൂലിച്ചതോടെയാണ് കേരളത്തിൽ എ.കെ.ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിനുണ്ടായ ഭീഷണി ഒഴിവായത്.
ഇപ്പോൾ എൻ.സി.പി, ബി.ജെ.പിയെ പിന്തുണയ്ക്കുകയും അജിത് പവാർ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തതോടെ കേരളത്തിലെ എൽ.ഡി.എഫ് മന്ത്രിസഭയിൽ എൻ.സി.പിക്ക് തുടരാനാവുകുമോ എന്നാണ് എല്ലാവരും ഉറ്രുനോക്കുന്നത്. അതേ സമയം എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ മരുമകൻ അജിത് പവാറിനെ പിന്തുണയ്ക്കുമോ എന്നതാണ് ഏറ്രവുംവലിയ ചോദ്യം. എൻ.സി.പി പിളരുകയും ശരത് പവാർ പഴയ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്താൽ കേരളത്തിലെ എൻ.സി.പിക്ക് മന്ത്രിസഭയിൽ പിടിച്ചുനിൽക്കാൻ കഴിയും. കേരളത്തിലെ എൻ.സി.പി നേതാക്കളും ഈ പ്രതീക്ഷയിലാണുള്ളത്.
എന്നാൽ മരുമകൻ ഉപമുഖ്യമന്ത്രിയായിരിക്കുകയും കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണത്തിലില്ലാതിരിക്കുകയും ചെയ്യുമ്പോൾ പിളർന്ന എൻ.സി.പിയുടെ നേതൃസ്ഥാനത്തിരിക്കാൻ ശരത് പവാർ തയ്യാറാവണമെന്നില്ല.
കർണാടകത്തിൽ നേരത്തെ കുമാരസ്വാമി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മുഖ്യമന്ത്രിയായപ്പോൾ പരസ്യമായി അനുകൂലിക്കാതിരിക്കുകയും രഹസ്യമായി പിന്തുണ നൽകുകയുമാണ് പിതാവായ മുൻ പ്രധാനമന്ത്രി ദേവഗൗഡ ചെയ്തത്. ശരത് പവാറും ഇതുതന്നെ അവംലബിക്കാനാണ് സാദ്ധ്യത. അതല്ലെങ്കിൽ എൻ.സി.പി ദേശീയ തലത്തിൽ തന്നെ എൻ.ഡി.എയുടെ ഘടകകക്ഷിയായി മാറാനും കഴിയും. അങ്ങനെയാണെങ്കിൽ കേരളത്തിലെ എൻ.സി.പി സ്വതന്ത്ര വ്യക്തിത്വം നിലനിറുത്തി പ്രത്യേകം സംസ്ഥാന പാർട്ടിയാകുകയോ കടന്നപ്പള്ളി രാമചന്ദ്രന്റെ കോൺഗ്രസ് എസുമായി ലയിച്ച് മന്ത്രിസഭയിൽ തുടരുകയോ ചെയ്യാം.
''
എൻ.സി.പി ബി.ജെ.പിയോട് എന്തുനിലപാടാണ് എടുത്തതെന്ന് വ്യക്തമാകാത്ത സാഹചര്യത്തിൽ കാത്തിരുന്ന കാണാമെന്നതാണ് തങ്ങളുടെ നിലപാട്
എ.വിജയരാഘവൻ , എൽ.ഡി.എഫ് കൺവീനർ
''
എൻ.സി. പി മഹാരാഷ്ട്രയിൽ എന്തുനിലപാടാണ് സ്വീകരിച്ചതെന്ന് നേതാക്കളോട് ബന്ധപ്പെട്ടുവരികയാണ്.
ടി.പി. പീതാംബരൻ മാസ്റ്രർ, എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി