amitshah

മുംബയ്: ഇന്നലെ ജാർഖണ്ഡിലായിരുന്ന അഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹിയിൽ തിരിച്ചെത്തിയതോടെയാണ് മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന്റെ ക്ളൈമാക്സ് സീൻ ആരംഭിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണി വരെ അമിത് ഷായുടെ വസതിയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് മാരത്തൺ ചർച്ചകളാണ് നടന്നത്. ബിജെപി-എൻ.സി.പി സഖ്യസർക്കാരിനുള്ള അടിത്തറയൊരുങ്ങിയത് അമിത് ഷായുടെ നേരിട്ടുള്ള ഈ ഇടപെടലിലൂടെയാണ്. ഇന്ന് പുലർച്ചെ നാല് മണി വരെ ടെലിഫോണിലൂടെ ദേവേന്ദ്ര ഫട്നാവിസ് ഫോണിലൂടെ അജിത് പവാറുമായി ചർച്ചകൾ നടത്തിയതായും വിവരം പുറത്തുവരുന്നുണ്ട്.

സർക്കാർ രൂപീകരിക്കാൻ അജിത്ത് പവാറും ബിജെപിയും തമ്മിൽ ധാരണയായതിന് പിന്നാലെ ഇന്ന് പുലർച്ചെ അ‍ഞ്ച് മണിയോടെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചു കൊണ്ടുള്ള ഉത്തരവുമായി കേന്ദ്ര അഭ്യന്തരസെക്രട്ടറി രാഷ്ട്രപതി ഭവനിലെത്തി. ആറ് മണിയോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ ഉത്തരവിൽ ഒപ്പിട്ടു. തൊട്ടുപിന്നാലെ രാഷ്ട്രപതി ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇതു രഹസ്യമാക്കി വച്ചു. ഇത്രയുമായപ്പോഴേക്കും മഹാരാഷ്ട്രയിൽ പുതിയ സർക്കാരിനുള്ള നീക്കങ്ങൾ ദ്രുതഗതിയിലായി. ദേവേന്ദ്ര ഫട്നാവിസും അജിത്ത് പവാറും രാജ്ഭവനിലെത്തി. പിന്നാലെ രണ്ട് പേരുടേയും സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ഞൊടിയിടയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം മാത്രമാണ് സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രി വന്നുവെന്ന വിവരം പുറംലോകം അറിയുന്നത്.

പവാർ മോദിയെ കണ്ടതെന്തിനായിരുന്നു?

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന സമയത്ത് എൻ.സി.പി നേതാവ് ശരത് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതെന്തിന് എന്ന ചോദ്യം ഇപ്പോഴുയരുന്നു. മാദ്ധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഇതിന് രാഷ്ട്രീയ പ്രാധാന്യം നൽകിയപ്പോൾ താൻ മഹാരാഷ്ട്രയിലെ കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്തതായിരുന്നുവെന്നും ചർച്ചയിൽ രാഷ്ട്രീയം കടന്നുവന്നില്ലെന്നുമായിരുന്നു പവാറിന്റെ മറുപടി. എന്നാൽ ഇപ്പോൾ ഈ സംശയം ശിവസേനയ്ക്കും ഉയർന്നിരിക്കുന്നു. തലേദിവസം വരെ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി ശിവസേന, കോൺഗ്രസ്, എൻ.സി.പി സർക്കാരിനായി പ്രയത്നിച്ച ശരത് പവാ‌ർ ഇങ്ങനെ പെട്ടെന്ന് തങ്ങളെ കാലുവാരുമെന്ന് ശിവസേന ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാൽ തന്റെ അറിവോടെയല്ല അനന്തരവനായ അജിത് പവാർ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതെന്നാണ് പവാറിന്റെ വിശദീകരണം. ഇതു മുഖവിലയ്ക്കെടുക്കാനെ ഇപ്പോൾ ശിവസേനയ്ക്ക് കഴിയൂ.