children-mobile-use

ജക്കാർത്ത: കുട്ടികൾ ഇരുപത്തിനാലു മണിക്കൂറും ഫോണിൽ തന്നെ. ഒന്നു മുഖമുയർത്തി നോക്കുക പോലും ഇല്ല - മിക്കവരുടെയും പരാതിയാണിത്. ഈ ദുഃശീലം കുട്ടികളിൽ നിന്നും മുതിർന്നവരിൽ നിന്നും പാടെ തുടച്ചുനീക്കാനുള്ള ഉഗ്രനൊരു ഐഡിയയുമായി എത്തിയിരിക്കുകയാണ് ഇൻഡോനേഷ്യയിൽ പടിഞ്ഞാറൻ ജാവയിലെ ബാൺറംഗ് നഗരത്തിലെ ഭരണാധികാരികൾ. കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെയും മുളക് വിത്തുകളും നൽകുന്നതാണ് പരിപാടി. കോഴിക്കുഞ്ഞുങ്ങളെ തുറന്നുവിട്ട് വളർത്തി വലുതാക്കുന്നതിനൊപ്പം മുളകിൽ നിന്ന് വിളവെടുപ്പും നൽകി അധികൃതരെ കാണിക്കുകയും വേണം. കോഴികൾക്കും മുളകുചെടിക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ ഫോണിൽ കളിക്കാൻ തീരെ സമയം കിട്ടില്ല. കുട്ടികളെ ഈ വിഷയത്തിൽ സഹായിക്കാനുള്ളതിനാൽ മുതിർന്നവരുടെ അവസ്ഥയും ഇതുതന്നെയാവും.അങ്ങനെ എല്ലാവരും പാടെ മാറും. കുട്ടികളിൽ അച്ചടക്കം ഉണ്ടാവാൻ ഈ പദ്ധതി സഹായകമാവുമെന്നാണ് രക്ഷിതാക്കളുടെ പ്രതീക്ഷ. ഫോണില്‍ കളിക്കുന്നതിന് പകരം ചെടികളെ പരിപാലിക്കുമല്ലോ എന്നും അവർ പറയുന്നു.സംഭവം കൊള്ളാമെങ്കിലും ഇത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ അധികൃതർക്ക് സംശയമുണ്ട്.

ഒരാൾ ഒരു ദിവസം ശരാശരി എട്ട് മണിക്കൂറും 36 മിനുട്ടും ഇന്റർനെറ്റിനു മുന്നിൽ സമയംചെലവഴിക്കുന്നുണ്ടെന്നാണ് 2019 ലെ ഗ്ലോബൽ ഡിജിറ്റൽ റിപ്പോർട്ട് നൽകുന്ന സൂചന. സ്മാർട്ട് ഫോണുകളുടെ വരവോടെയാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയത്.