ഇന്ന് ഏറ്റവും കഴുത്ത് വേദനയ്ക്കുള്ള ചികിത്സതേടി ഡോക്ടറെ സമീപിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. തോൾ വേദന, പിടലി കഴപ്പ്, കൈകൾക്ക് തരിപ്പും പെരുപ്പും, തലവേദന ചിലപ്പോൾ തലകറക്കം, ഓക്കാനം, കൈകളുടെ ബലക്കുറവ് തുടങ്ങിയ അനുബന്ധ ബുദ്ധിമുട്ടുകളുമായി കഴുത്തുവേദന ഉള്ളവരുടെ എണ്ണം പെരുകി വരുന്നു .
പെട്ടെന്ന് ഇത്തരം ബുദ്ധിമുട്ടുകൾ തോന്നുന്നവരുടെ കാര്യത്തിൽ കൃത്യമായ രോഗനിർണയം കൂടിയേതീരൂ. എന്നാൽ സ്ഥിരമായി ഇത്തരം ബുദ്ധിമുട്ടുകൾ പറയുന്നവരും അതിനായി വേദനാസംഹാരികൾ ഉൾപ്പെടെ കഴിക്കുന്നവരും ഉണ്ട്. താൽക്കാലിക സമാധാനം അല്ലാതെ സ്ഥിരമായ ശമനം ഇത്തരം ചികിത്സ കൊണ്ട് പ്രതീക്ഷിക്കേണ്ട.
അതിനാൽ രോഗിക്ക് തോന്നുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെ? എത്രനാൾ വരെ ചികിത്സ തുടരേണ്ടതുണ്ട്? എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡോക്ടറും രോഗിയും കൂടി തുടക്കത്തിൽ തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്.
ആധുനിക ജീവിത രീതികൾ വളരെ മാറ്റങ്ങളാണ് മാംസപേശികൾക്കും അസ്ഥികൾക്കും ഉണ്ടാക്കിയിട്ടുള്ളത്. ഇക്കാലത്ത് തലയിൽ വച്ചും തോളിൽ വച്ചുമുള്ള ചുമടെടുപ്പ് തീരെ ഇല്ലെന്നുതന്നെ പറയാം. അതിനാൽ തന്നെ കഴുത്തിന്റെ ആരോഗ്യം തീരെ കുറഞ്ഞു.
സ്ഥിരമായ തുമ്മൽ, തലനീരിറക്കം, രാത്രിയിലെകുളി, രാത്രിയിൽ വളരെ താമസിച്ചുള്ള ഭക്ഷണം, എ.സിയുടെ അമിതമായ ഉപയോഗം, ശരിയായ രീതിയിൽ അല്ലാത്ത കിടത്തവും ഉറക്കവും എന്നിങ്ങനെയുള്ള കാരൃങ്ങൾ കഴുത്തിന് പ്രയാസം ഉണ്ടാക്കുന്നു. ക്രമേണ കഴുത്തിനു വേദനയും തേയ്മാനവും ഉണ്ടാകുന്നു.
ഇത്തരം അവസ്ഥകൾ യഥാസമയം ചികിത്സിക്കാതെ ഉപേക്ഷിക്കപ്പെടുകയോ കുറെയൊക്കെ സഹിച്ച് മുന്നോട്ടു പോകാം എന്ന് തീരുമാനിക്കുകയോ ചെയ്താൽ നേരത്തെ പറഞ്ഞ പല ലക്ഷണങ്ങളും ഒന്നിനുപുറകെ ഒന്നായി ഒരുമിച്ച് വരികയും ചികിത്സിച്ചാലും പൂർണമായും മാറാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും.
നമ്മുടെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമതയെ വളരെയേറെ കുറയ്ക്കുന്ന ഒരു അവസ്ഥയാണ് കഴുത്ത് വേദനയോടെ ആരംഭിക്കുന്നതെന്ന് മനസിലാക്കി തുടക്കത്തിലേ തന്നെ ശരിയായ ചികിത്സ ചെയ്യുവാൻ ശ്രദ്ധിക്കണം.
ഏറ്റവും ഫലപ്രദമായതും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ ആയുർവേദ ചികിത്സ ലഭ്യമാണ്.