കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി ശരീരത്തിൽ എന്തു മാറ്റവും വരുത്താൻ തയാറാകുന്ന താരങ്ങളുണ്ട്. എന്നാൽ, എന്നും സൈസ് സീറോയായിരിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന നായികമാരാണ് ബോളിവുഡിൽ കൂടുതലുള്ളത്. അത്തരത്തിൽ ശരീര സംരക്ഷണത്തിനു പോയി പണികിട്ടിയവരും ഏറെയാണ്. അത്തരമൊരു അനുഭവം തുറന്നു പറയുകയാണ് നടി നിയ ശർമ്മ. തന്റെ ദുരനുഭവം മറ്റൊരാൾക്ക് ഉണ്ടാകരുത് എന്ന ആഗ്രഹത്തോടെയാണ് താനിത് തുറന്നു പറയുന്നതെന്നും നിയ അറിയിക്കുന്നു.
തന്റെ ദുശീലങ്ങൾ ജീവിതത്തിൽ വരുത്തിവെച്ച വിനയെ കുറിച്ചും അത് സൃഷ്ടിച്ച സമ്മർദ്ദങ്ങളെ കുറിച്ചുമാണ് താരം വെളിപ്പെടുത്തിയത്. ബോൾഡ് ആന്റ് സെക്സി എന്നാണ് 29കാരിയായ നിയ ശർമ അറിയപ്പെടുന്നത്. ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ട്വീഴ്ചയ്ക്കും ഒരുക്കമായിരുന്നില്ല. ശരീരഭാരം കുറയ്ക്കുക എന്ന അമിതമായ ചിന്ത നിയയെ ഒടുവിൽ എത്തിച്ചത് ഈറ്റിംഗ് ഡിസോർഡർ എന്ന രോഗത്തിലേക്കായിരുന്നു. ശരീര ഭാരം കുറയ്ക്കാനും അഴക് വർദ്ധിപ്പിക്കാനും വേണ്ടി ആദ്യമൊക്കെ ആരോഗ്യകരമായ ഡയറ്റ് പിന്തുടർന്നെങ്കിലും പിന്നീട് പട്ടിണി കിടന്നു. രാത്രിയിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം ഒഴിവാക്കി. പലപ്പോഴും പ്രൊട്ടീൻ ഷെയ്ക്കുകളിൽ മാത്രമായി ഭക്ഷണം ഒതുങ്ങി. ഇതോടെ തന്റെ ഭ്രാന്തൻ ഡയറ്റിനെക്കുറിച്ച് സുഹൃത്തുക്കൾ അറിഞ്ഞു. അവർ പലരും അതിനെ വിലക്കിയെങ്കിലും മനസു മാറ്റാൻ ഞാൻ തയാറായില്ല. പിന്നീട് ഈറ്റിംഗ് ഡിസോർഡർ പിടിപെട്ടു. വേണ്ടാന്ന് വച്ചതെല്ലാം ഒറ്റയടിക്ക് കഴിക്കാൻ തുടങ്ങി. ഭക്ഷണത്തിനോടുള്ള ആസക്തി കൂടി. ജംഗ് ഫുഡും മറ്റും വാരിവലിച്ചു കഴിച്ചു. കുറ്റബോധമാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്. അന്ന് തന്റെ സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളുമായ രവി ഡുബോയും അർജുൻ ബിജ് ലാനിയും ചേർന്നാണ് ഈ ദുശീലത്തിൽ നിന്ന് പുറത്തെത്തിച്ചത്. നമ്മുടെ ശരീരത്തിന് ഇണങ്ങുന്ന ഡയറ്റാകണം പിന്തുടരേണ്ടതെന്ന ബോധ്യം അവർ നൽകിയെന്നും താരം പറയുന്നു.