modi-

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ ക്ളൈമാക്സിന് പിന്നിൽ പ്രധാന കരുനീക്കം നടത്തിയത് രാഷ്ട്രീയ ചാണക്യൻ അമിത് ഷാ ആണെന്ന് ആദ്യം ആരും സംശയിക്കാം. അതുപക്ഷേ പാവം ബ്രാൻഡിയെ സംശയിച്ചതു പോലാവും. കാരണം കഴിഞ്ഞ ആഴ്ച്ചയിലെ ഗതിവിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ മറ്റൊരു മുഖം തെളിഞ്ഞുവരും. കൃത്യമായി പറഞ്ഞാൽ രണ്ട് മുഖങ്ങൾ. മോദിയുടേതും പവാറിന്റേതും.

ഈ ആഴ്ചയുടെ തുടക്കത്തിൽ രണ്ട് പ്രധാനകാര്യങ്ങൾ നടന്നു. രാജ്യസഭയിൽ ശരദ്‌പവാറിനെ പ്രകീർത്തിച്ച് മോദി പ്രസംഗിച്ചതാണ് അതിൽ ഏറ്റവും പ്രധാനം. ഇതിന് പിന്നാലെ മോദി - പവാർ കൂടിക്കാഴ്ചയും. മഹാരാഷ്ട്രയിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾ ധരിപ്പിക്കാനാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചതെന്നായിരുന്നു. പവാർ പറഞ്ഞത്. കൂടിക്കാഴ്ചയിൽ കൃഷിക്കാരുടെ പ്രശ്നം ഒഴികെ മറ്റെല്ലാം അവർ അന്ന് തന്നെ സംസാരിച്ച് ഉറപ്പിച്ച് കാണണം. കാരണം ഈ കൂടിക്കാഴ്ചയ്‌ക്ക് തൊട്ട് പിന്നാലെ മോദി, രാജ്യസഭയിൽ ആഭ്യന്തര സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് നിൽക്കുകയായിരുന്ന അമിത് ‌ഷായെ അടിയന്തരമായി വിളിച്ച് വരുത്തി. മോദിയുടെ സന്ദേശം ഒരു പേപ്പർ തുണ്ടിൽ കൈയിൽ കിട്ടിയതിനു പിന്നാലെ തിടുക്കപ്പെട്ട് രാജ്യസഭ അന്നേക്ക് പിരിയുന്നതാണ് കണ്ടത്. അമിത് ഷാ നേരെ പോയത് മോദിയെ കാണാനാണ്. പ്രധാനമന്ത്രിയുടെ ചേംബറിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും എത്തിയിരുന്നു. ഇത് കഴിഞ്ഞ് വീണ്ടും മോദിയും അമിത് ഷായും മാത്രമായ കൂടിക്കാഴ്ചകളും അന്നേദിവസം നടന്നു.

പവാർ - മോദി കൂടിക്കാഴ്ച നടന്നതോടെ മഹാരാഷ്ട്രയിൽ ശിവസേനയുടെ സർക്കാർ രൂപീകരണം നടക്കാൻ സാദ്ധ്യതയില്ലെന്ന മട്ടിൽ വാർത്തകൾ വന്നിരുന്നു.

എൻ.സി.പിക്ക് കേന്ദ്രമന്ത്രിസഭയിൽ പങ്കാളിത്തം നൽകുമെന്നും അടുത്ത രാഷ്ട്രപതി സ്ഥാനാർത്ഥിയായി പവാറിനെ നിശ്ചയിക്കുമെന്നുപോലും യാതൊരു അടിസ്ഥാനവുമില്ലാത്ത അഭ്യൂഹ വാർത്തകൾ ഓൺലൈനുകളിൽ വന്നു.

മോദിയും പവാറും തമ്മിലുള്ള അസാധാരണമായ ബന്ധവും അടുപ്പവും നേരത്തെ തന്നെ രാഷ്ട്രീയ രംഗത്തെ പ്രമുഖർക്ക് അറിയാവുന്നതാണ്. രാഷ്ട്രീയത്തിനപ്പുറം വർഷങ്ങളായി തുടരുന്ന ബന്ധമാണത്. തന്റെ രാഷ്ട്രീയ ഗുരുക്കന്മാരിൽ ഒരാളാണ് പവാറെന്ന് മോദി നേരത്തെ പൊതുവേദിയിൽ പ്രസംഗിച്ചിട്ട് പോലുമുണ്ട്. രാഷ്ട്രീയത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുക എന്നത് മോദിക്കും പവാറിനുമുള്ള ഒരു രീതിയാണ്.

ശനിയാഴ്ച നേരം വെളുത്തപ്പോൾ മഹാരാഷ്ട്രയിൽ നടന്ന രാഷ്ട്രീയ അട്ടിമറി അവരുടെ 'സംഭാവനയല്ലാതെ' മറ്റൊന്നുമല്ല. ''പവാറിനെ പൂർണമായി മനസിലാക്കാൻ യുഗങ്ങൾ വേണ്ടിവരും" എന്ന് കഴിഞ്ഞ ആഴ്ച തുടക്കത്തിൽ സേനാ നേതാക്കളിൽ ഒരാളായ സഞ്ജയ് റാവുത്ത് പറഞ്ഞത് പൂർണമായും ശരിയാണെന്ന് ഇപ്പോൾ തെളിയുകയും ചെയ്തു.

ഫഡ്നാവിസിനും അജിത് പവാറിനും അഭിനന്ദനം അർപ്പിച്ചുകൊണ്ട് ഈ വിവരം ട്വിറ്ററിലൂടെ ലോകത്തെ ആദ്യം അറിയിച്ചത് പ്രധാനമന്ത്രി മോദിയാണ്. സോണിയഗാന്ധി പോലും വിവരമറിഞ്ഞത് മോദിയുടെ ട്വീറ്റ് കണ്ടാണെന്ന് വാർത്ത വന്നിരുന്നു. കള്ളൻ കപ്പലിലല്ല, കപ്പിത്താൻ തന്നെയാണെന്ന് മനസിലാക്കാൻ സാമാന്യബുദ്ധി തന്നെ അധികമാണ്.