തിരുവനന്തപുരം : 87-ാമത് ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായുള്ള കായിക മത്സരങ്ങൾ ഡിസംബർ ഒന്നിന് ആരംഭിക്കുമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്പോർട്സ് കമ്മിറ്റി ചീഫ് കോ ഒാർഡിനേറ്റർ സ്വാമി ബോധിതീർത്ഥ, സ്പോർട്സ് കമ്മിറ്റി ചെയർമാൻ വി.അനിൽകുമാർ, രക്ഷാധികാരി ബി. ജയപ്രകാശൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മത്സരങ്ങൾ 18ന് സമാപിക്കും.
ഡിസംബർ ഒന്നിന് രാവിലെ 7ന് തീർത്ഥടനത്തിന് വിളംബരം കുറിച്ച് കല്ലമ്പലം കടുവാപ്പള്ളി മുതൽ ശിവഗിരി വരെ മിനി മാരത്തൺ നടക്കും. അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്യും. വി.ജോയി എം.എൽ.എ, അജി എസ്.ആർ.എം, കടുവാപ്പള്ളി ട്രസ്റ്റ് ചെയർമാൻ പി.ജെ. നഹാസ് എന്നിവർ പങ്കെടുക്കും. സ്വാമി വിശുദ്ധാനന്ദ, കടുവാപ്പള്ളി ചീഫ് ഇമാം അബു റബീ സദാഹത്തുള്ള എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
2ന് രാവിലെ 10ന് നടക്കുന്ന ചെസ് ചാമ്പ്യൻഷിപ്പിൽ 56 താരങ്ങൾ 14 ടീമുകളായി മത്സരിക്കും.
7 , 8 തീയതികളിലെ ഫുട്‌ബാൾ മത്സരങ്ങളിൽ ജി.വി.രാജ സ്പോർട്സ് സ്‌കൂൾ, സൈനിക് സ്‌കൂൾ, അയ്യങ്കാളി സ്‌കൂൾ തുടങ്ങി 12 ടീമുകൾ പങ്കെടുക്കും. 9 ,10 തീയതികളിൽ ബാഡ്മിന്റൺ മത്സരം നടക്കും.
13ന് നടക്കുന്ന കബഡി ടൂർണമെന്റിൽ ദേശീയ അന്തർദേശീയ താരങ്ങൾ ഉൾപ്പെട്ട ക്ലബുകൾ മത്സരിക്കും. 16 മുതൽ 18 വരെ പുരുഷ - വനിതാ ടീമുകൾ മാറ്റുരയ്ക്കുന്ന വോളിബാൾ ടൂർണമെന്റിൽ ഇലക്ട്രിസിറ്റി ബോർഡ്, കേരള പൊലീസ്, ഇന്ത്യൻ നേവി, സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ തുടങ്ങിയ ടീമുകൾ പങ്കെടുക്കും. വർക്കല എസ്.എൻ കോളേജ് ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 5.30 മുതലാണ് മത്സരം.
ശാരദാദേവി പ്രതിഷ്ഠാ വേളയിൽ ഗുരുദേവൻ നേരിട്ട് കായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നതിന്റെ ചുവടുപിടിച്ചാണ് ആത്മീയ തീർത്ഥാടനത്തിന്റെ ഭാഗമായി കായിക മത്സരങ്ങൾ നടത്തുന്നത്.