വാഷിംഗ്ടൺ: പോപ്പ് താരം മഡോണയ്ക്ക് വയസ് അറുപത്തൊന്നായി. പക്ഷേ, ഇപ്പോഴും യുവത്വത്തിന്റെ ചുറുചുറുക്കും ലുക്കുമാണ്. തൊലിപോലും ചുളിഞ്ഞിട്ടില്ല.ഇതിനുപിന്നിലെ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാൻ പലരും പണിപതിനെട്ടും നോക്കിയതാണ്. പക്ഷേ, ഒന്നും വിജയിച്ചില്ല. ഒടുവിൽ മഡോണതന്നെ ആ സീക്രട്ട് വെളിപ്പെടുത്തി. ഐസ് വെള്ളത്തിലെ കുളിയും മൂത്രം കുടിയും. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.
വെളുപ്പിന് മൂന്നുമണിക്ക് എഴുന്നേറ്റ് മഡോണ ഫിറ്റ്നസിനുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുന്നത്. ബാത്ത് റൂമിലെ പ്രത്യേക ടബിലാണ് ഐസ്ബാത്തിനുവേണ്ടിയുള്ള സെറ്റപ്പുകൾ ഒരുക്കിയിരിക്കുന്നത്. പരിക്കുകൾ ഭേദമാക്കാൻ ഐസ് കുളി നല്ലതാണെന്നാണ് മഡോണ പറയുന്നത്. അനുഭവം കൊണ്ട് തെളിയിച്ചതാണ് ഇക്കാര്യം. ടൂറിലായിരിക്കുമ്പോൾ താമസിക്കുന്ന ഹോട്ടലുകളിൽ ഇതിനുള്ള സംവിധാനം ഒരുക്കും. അതിന് പണം ചെലവാകുന്നതൊന്നും മഡോണയ്ക്ക് പ്രശ്നമേ അല്ല.
ബാത്ത് ടബിൽ നിന്നിറങ്ങിക്കഴിഞ്ഞാലുടനാണ് മൂത്രംകുടിക്കുന്നത്. മുക്കാൽ കപ്പ് സ്വന്തംമൂത്രമാണ് അകത്താക്കുന്നത്. ഒറ്റയടിക്ക് കുടിച്ചുതീർക്കുകയല്ല വേണ്ടത്. വളരെ സാവധാനത്തിൽ വേണം കുടിച്ചുതീർക്കാൻ. എങ്കിൽ മാത്രമേ ശരിക്കും ഫലംകിട്ടൂ. ഐസ് ബാത്ത് കഴിഞ്ഞാലുടനാണ് മൂത്രം കുടിക്കാൻ ഏറ്റവും നല്ല സമയമെന്നാണ് മഡോണയുടെ അഭിപ്രയാം. നേരത്തേ കാലിൽ വന്ന ഒരു രോഗം മാറാൻ സ്വന്തം കാലിൽ മൂത്രം ഒഴിക്കാറുണ്ടെന്നു മഡോണ വെളിപ്പെടുത്തിയിട്ടുണ്ട്.ഐസ്ബാത്തിനും മൂത്രംകുടിക്കുമൊപ്പം ആഹാരക്രമീകരണങ്ങളും ചിട്ടയായ വ്യായാമവുമുണ്ട്.
മഡോണ ലൂയിസ് ചിക്കോനെ റിച്ചീ എന്നാണ് മഡോണയുടെ മുഴുവൻ പേര്. പോപ് സംഗീതത്തിന്റെ രാജ്ഞി എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.പഴയ പ്രതാപത്തിന് ഇപ്പോഴും ഒരുകുറവും വന്നിട്ടില്ല. മഡോണയുടെ ആൽബങ്ങൾ വൻതോതിലാണ് വിറ്റുപോകുന്നത്. ഇൗവകയിൽ മാത്രം കോടികളാണ് വരുമാനം. ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും സെക്സിന്റെ അതിപ്രസരമുണ്ടെന്ന പരാതിയെത്തുടർന്ന് ഇപ്പോൾ മഡോണ അല്പമൊന്ന് മയപ്പെടുത്തിയിട്ടുണ്ട്.