കാട്ടാക്കട: കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിലിന് കാട്ടാക്കട കേന്ദ്രമാക്കി ഓഫീസ് സൗകര്യം ഒരുക്കണമെന്ന് മൈലോട്ടുമൂഴി ജനതാഗ്രന്ഥശാല ഭരണസമിതിയോഗം ആവശ്യപ്പെട്ടു. കുറ്റിച്ചൽ, കാട്ടാക്കട, പൂവച്ചൽ, മലയിൻകീഴ്, മണ്ഡപത്തിൻ കടവ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എഴുപതോളം ഗ്രാമീണ ഗ്രന്ഥശാലകളാണുള്ളത്. ഇവയുടെ പ്രവർത്തനം ശരിയായി ഏകോപിപ്പിക്കുംവിധത്തിൽ താലൂക്ക് ആസ്ഥാനത്തിൽ തന്നെ ഓഫീസ് പ്രവർത്തിക്കുന്നതാണ് സൗകര്യം. നിലവിൽ പൂവച്ചലിൽ വാടകക്കെട്ടിടത്തിലാണ് കൗൺസിൽ ഓഫീസ് പ്രവർത്തിക്കുന്നത്. കാട്ടാക്കട കേന്ദ്രമാക്കി ത്രിതല പഞ്ചായത്തുകൾ ഇവയിലേതെങ്കിലും കെട്ടിടം കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് ഗ്രന്ഥശാല ഭാരവാഹികൾ നിവേദനം നൽകി.