തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജനയിൽ കേരളത്തിലെ 34.48 ലക്ഷം കുടുംബങ്ങൾക്ക് അർഹതയുണ്ടാകും. ഈ വർഷം ഏപ്രിൽ മുതലാണ് പദ്ധതി കേരളത്തിൽ നടപ്പാക്കാൻ തുടങ്ങിയത്. 172 സർക്കാർ ആശുപത്രികളും 202 സ്വകാര്യ ആശുപത്രികളുമായി 381 ആശുപത്രികളെയാണ് പദ്ധതിയിൽ എംപാനൽ ചെയ്തത്. പദ്ധതി പ്രകാരം ഇതുവരെ കേരളത്തിൽ 5.97 ലക്ഷം പേർ അർഹരായി കഴിഞ്ഞു.
നവംബർ 2 നാണ് കേരളം കേന്ദ്രവുമായി പദ്ധതിയിൽ ചേരാൻ കരാറിൽ ഒപ്പിട്ടത്. സംസ്ഥാനത്ത് രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (ആർ.എസ്.ബി.വൈ) നിലവിലുള്ളതിനാലാണ് കേരളം ആയുഷ്മാൻ ഭാരതിൽ ചേരാൻ വൈകിയത്. ഈ വർഷം മാർച്ച് 31 വരെയായിരുന്നു ഇതിന്റെ കാലാവധി.
അതോടൊപ്പം കാരുണ്യ പദ്ധതിയും കേരളം നടപ്പാക്കിയിരുന്നു. പുതിയ പദ്ധതിയോടെ ആർ.എസ് ബി.വൈയും കാരുണ്യയും പുതിയ പദ്ധതിയുടെ ഭാഗമായി. കഴിഞ്ഞ വർഷം സെപ്തംബർ 23നാണ് പദ്ധതി രാജ്യത്ത് നടപ്പാക്കിയത്. രാജ്യത്തെ 50 കോടിയോളം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും. എട്ട് കോടി ഗ്രാമീണ കുടുംബങ്ങൾക്കും 2.33 കോടി നഗരവാസികളായ കുടുംബങ്ങൾക്കുമാണ് പ്രയോജനം ലഭിക്കുക. ഇതുവരെ 10 കോടി ഇ-കാർഡുകൾ ഇതിനായി വിതരണം ചെയ്തു. ഇവർക്ക് 5 ലക്ഷം രൂപാവരെയുള്ള ചികിത്സ എംപാനൽ ചെയ്ത ആശുപത്രികളിൽ ലഭിക്കും.