aravana

ചെങ്ങന്നൂർ: ഉയർന്ന തുക ക്വാട്ട് ചെയ്ത മാർക്കറ്റ് ഫെഡിന് ലേലം നൽകിയെന്ന ആക്ഷേപം ഉയർന്നതോടെ ഏലക്കാ ലേലം ഉറപ്പിക്കാനായില്ല, ഇതോടെ ശബരിമലയിൽ അപ്പം,​ അരവണ നിർമ്മാണം പ്രതിസന്ധിയിലായെന്ന് ആക്ഷേപം. തീർത്ഥാടന കാലം തുടങ്ങിയതോടെ അപ്പം,​ അരവണ നിർമ്മാണം മുടങ്ങാതിരിക്കാൻ ഈ വർഷം ലേലത്തിൽ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാർക്കറ്റ് ഫെഡിൽ നിന്ന് ഇടനിലക്കാർ വഴി 2000 കിലോ ഏലക്കാ അടിയന്തരമായി സന്നിധാനത്ത് എത്തിച്ചാണ് താത്കാലിക പരിഹാരം കണ്ടത്.

കഴിഞ്ഞ വർഷത്തെ ലേലത്തിൽ കിലോയ്ക്ക് 1,799 രൂപയ്ക്കാണ് ഏലക്കാ ടെണ്ടർ പോയത്. എന്നാൽ, ഇതിനുശേഷം ഏലക്കാ വില ക്രമാതീതമായി ഉയർന്നതോടെ ടെണ്ടറിൽ നിന്ന് ലേലം എടുത്തയാൾ പിൻമാറി. പ്രളയം,​ യുവതീ പ്രവേശനം എന്നിവ ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തി. അതിനാൽ അതിനും മുൻ വർഷത്തെ സ്‌റ്റോക്ക് ഏലക്ക ഉണ്ടായിരുന്നതിനാൽ മറ്റ് പ്രതിസന്ധികളില്ലാതെ കഴിഞ്ഞ വർഷം അപ്പം,​ അരവണ നിർമ്മാണം നടന്നു. ഇത്തവണ സന്നിധാനത്തേക്ക് ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. ഇതോടെ അരവണ നിർമ്മാണം കഴിഞ്ഞ വർഷത്തേതിൽ നിന്ന് വർദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. അരവണക്കൂട്ടിലെ പ്രധാന ഇനമായ ഏലക്കായുടെ അഭാവം അരവണ നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഈ വർഷം ഏലക്കാ ലേലം രണ്ടു തവണയാണ് നടന്നത്. ആദ്യ ലേലത്തിൽ കൃഷ്ണാ സ്‌പൈ‌സസ് കിലോയ്ക്ക് 3,569 രൂപയും, കമ്പനി ബസാർ 2,970, കൃഷ്ണാ ഷോപ്പിംഗ് മാൾ 3,269, വിഷ്ണു 2,620, റെയ്‌കോ 2,495, മാർക്കറ്റ് ഫെഡ് 3,380 എന്നിങ്ങനെയാണ് തുക രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ റെയ്‌കോയ്ക്കാണ് ടെണ്ടർ നൽകേണ്ടിയിരുന്നത്. എന്നാൽ, ലേലശേഷം ഏലത്തിന്റെ വില കുത്തനെ ഉയർന്നു. പൊതു വിപണിയിൽ 4,000രൂപാ വരെ വില കയറി. ഇതോടെ ദേവസ്വം ബോർഡ് വീണ്ടും ലേലം നടത്തുകയായിരുന്നു. ഈ ലേലത്തിൽ സർക്കാർ സ്ഥാപനമായ മാർക്കറ്റ് ഫെഡും മൂന്നാർ സ്വദേശിയുടെ രണ്ട് സ്ഥാപനങ്ങളുമാണ് പങ്കെടുത്തത്.

മാർക്കറ്റ് ഫെഡ് 3,850 രൂപയും കൃഷ്ണാ ഷോപ്പിംഗ് മാൾ 3,269 രൂപയുമാണ് ലേലത്തുകയായി രേഖപ്പെടുത്തിയത്. എന്നാൽ, നിസാര കാരണം ചൂണ്ടിക്കാട്ടി കൃഷ്ണാ ഷോപ്പിംഗ് മാളിനെ ലേലത്തിൽ നിന്ന് ഒഴിവാക്കി മാർക്കറ്റ് ഫെഡിന് ലേലം ഉറപ്പിക്കാൻ മുൻ ഭരണസമിതിയിലെ ചിലർ നിർദ്ദേശം നൽകി. ഈ നടപടി ദേവസ്വം കമ്മിഷണർ എതിർത്തതോടെ ലേലം, മാർക്കറ്റ് ഫെഡിന്റെ പേരിൽ ഉറപ്പിച്ച് നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇതുവരെ തുടർ നടപടി ഉണ്ടായിട്ടുമില്ല. അന്തിമ തീർപ്പിനായി ബോർഡ് കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് വിവരം.
നിലവിൽ മാർക്കറ്റിൽ ഏലക്കായുടെ വില 2,600 രൂപയായി കുറഞ്ഞിട്ടുണ്ട്. സർക്കാർ സ്ഥാപനമാണെങ്കിലും മാർക്കറ്റ് ഫെഡ് ഏലക്കാ നേരിട്ട് കൃഷിചെയ്യുകയോ മാർക്കറ്റിൽ നിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യുന്നില്ല. ഇടനിലക്കാർ വഴി വാങ്ങുന്ന ഏലക്ക പമ്പയിലെത്തിച്ച് ലാബിൽ പരിശോധന പൂർത്തിയാക്കി സന്നിധാനത്ത് എത്തിക്കുകയാണ് ചെയ്യുന്നത്.

നിലവിലെ ടെണ്ടറുകൾ തമ്മിൽ കിലോക്ക് 581 രൂപയുടെ വ്യത്യാസമാണ് ഉള്ളത്. ഇതനുസരിച്ച് 81 ലക്ഷത്തിലധികം രൂപ ദേവസ്വം ബോർഡിന് നഷ്ടം ഉണ്ടാകും. മാത്രമല്ല മാർക്കറ്റിൽ 2600 രൂപയ്ക്ക് ഗ്രേഡ് ചെയ്ത ഏലക്ക ലഭിക്കുമെന്നിരിക്കെ മാർക്കറ്റ് ഫെഡിൽ നിന്ന് ഏലക്ക വാങ്ങിയാൽ കിലോക്ക് 1250 രൂപയോളം ദേവസ്വം ബോർഡിന് നഷ്ടം സംഭവിക്കുമെന്നും വിമർശനമുണ്ട്. കളറോ മറ്റ് കെമിക്കലുകളോ ചേർക്കാതെ ലാബിൽ പരിശോധനകൾക്കുശേഷം പാസായ 14,​000 കിലോ ഏലക്കയാണ് സന്നിധാനത്തേക്ക് ആവശ്യമായുള്ളത്. മാർക്കറ്റ് ഫെഡ് ക്വാട്ട് ചെയ്ത തുകയ്ക്ക് ലേലം എടുത്താൽ 1.75 കോടിയുടെ നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടാവും എന്നാണ് ആക്ഷേപം.