മുഹൂർത്തത്തിന് തൊട്ടുമുൻപ് അലസിപ്പോയ വിവാഹം പോലെയായി മഹാരാഷ്ട്രയിൽ ശിവസേനയുടെ ഭരണമോഹം. സുദീർഘമായ കൂടിയാലോചനകൾക്കൊടുവിൽ ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്നുള്ള മന്ത്രിസഭാ രൂപീകരണത്തിന് അരങ്ങൊരുങ്ങിയ ഘട്ടത്തിലാണ് തീർത്തും അവിശ്വസനീയമായ രാഷ്ട്രീയ അട്ടിമറിയിലൂടെ ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചുവന്നത്. വെള്ളിയാഴ്ച രാത്രി നടന്ന ബി.ജെ.പിയുടെ ചടുലനീക്കങ്ങൾ മണത്തറിയാൻ ശിവസേനയ്ക്കും കോൺഗ്രസിനും കഴിഞ്ഞില്ല. ത്രികക്ഷി സഖ്യത്തിന്റെ ഭാഗമായ എൻ.സി.പിയെ നെടുകെ പിളർത്തിയാണ് ബി.ജെ.പി പണി പറ്റിച്ചത്. എൻ.സി.പി നേതാവ് ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാറിന്റെ നേതൃത്വത്തിൽ ഇരുപതിലധികം എൻ.സി.പി എം. എൽ.എമാർ ശിവസേനാ -കോൺഗ്രസ് സഖ്യംവിട്ട് ഇപ്പുറത്തേക്ക് ചാടിയതായാണ് റിപ്പോർട്ട്. ഇരുചെവി അറിയാതെ ശനിയാഴ്ച പ്രഭാതത്തിൽ രാജ്ഭവനിൽ രഹസ്യമായി നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനൊപ്പം അജിത് പവാർ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. ബി.ജെ.പി-എൻ.സി.പി സഖ്യ സർക്കാരിന് അധികാരമേൽക്കാൻ പാകത്തിൽ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന രാഷ്ട്രപതിഭരണം വെളുപ്പിന് പിൻവലിച്ചിരുന്നു. ഫഡ്‌നാവിസും അജിത്പവാറും രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്‌ത് സ്ഥാനമേറ്റു കഴിഞ്ഞാണ് രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ പുറംലോകം ആ വാർത്ത അറിയുന്നത്. കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷനും എം.പിയുമായ രാഹുൽഗാന്ധി പ്രഭാത സവാരിക്കിടയിലാണ് മൊബൈൽ ഫോണിൽ ഇൗ വാർത്ത വായിച്ച് അന്തംവിട്ടത്. ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ രൂപീകരണത്തിൽ ശേഷിച്ച തർക്കങ്ങൾ ഒതുക്കാൻ രാത്രി വൈകിയും ചർച്ചകളിലേർപ്പെട്ട മൂന്ന് പാർട്ടികളുടെയും നേതാക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച വാർത്തതന്നെയായിരുന്നു ഇത്. തന്റെ അറിവോ സമ്മതമോ അംഗീകാരമോ ഇല്ലാതെയാണ് അജിത് പവാർ ഒരു സംഘം പാർട്ടി എം.എൽ.എമാരുമായി ബി.ജെ.പി ക്യാമ്പിലേക്ക് കാലുമാറിയതെന്ന വിശദീകരണവുമായി ശരദ് പവാർ രംഗത്തുവന്നിട്ടുണ്ടെങ്കിലും സഖ്യകക്ഷികൾക്ക് അദ്ദേഹത്തിന്റെ വാക്കുകളിൽ പൂർണവിശ്വാസം വന്നിട്ടില്ല. രാഷ്ട്രീയ കരുനീക്കങ്ങളിൽ അതിവിദഗ്ദ്ധനും തന്ത്രശാലിയുമായ പവാറിനെ അറിയാവുന്നവരാരും അദ്ദേഹത്തിന്റെ വാക്കുകൾ അപ്പാടെ വിഴുങ്ങാനുമിടയില്ല. പവാർമാർക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പക്കലുള്ള വമ്പൻ കേസുകൾ കാട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്ന ആരോപണവും ഒപ്പമുണ്ട്. ഏതായാലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന മഹാരാഷ്ട്രയിൽ വീണ്ടും ഒരു ജനകീയ സർക്കാർ അധികാരമേറ്റതിൽ ജനങ്ങൾ ആശ്വസിക്കുന്നുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവന്നിട്ട് കൃത്യം ഒരുമാസം എത്തിയിരിക്കുന്നു. കസേരത്തർക്കത്തിൽ കുടുങ്ങി നീണ്ടുനീണ്ടുപോയ പുതിയ സർക്കാരിന്റെ സ്ഥാനാരോഹണം ഇവ്വിധമായതിന്റെ മുഖ്യകാരണക്കാർ ശിവസേനാ നേതാക്കളുടെ കടുംപിടിത്തമാണ്. ശിവസേനാ പരമാധികാരിയായ ഉദ്ധവ് താക്കറെ പുത്രൻ ആദിത്യ താക്കറെയ്‌ക്ക് മുഖ്യമന്ത്രിപദം നൽകാൻ ശാഠ്യം പിടിച്ചതോടെയാണ് ബി.ജെ.പി-ശിവസേനാ സഖ്യം തകർന്നത്. ഇരുപാർട്ടികളും സഖ്യമായിട്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഭൂരിപക്ഷത്തിൽ കുറവു വന്നെങ്കിലും ഇരുപാർട്ടികൾക്കും ഭരിക്കാനാവശ്യമായ അംഗങ്ങളെ നിയമസഭയിലെത്തിക്കാൻ പ്രയാസമുണ്ടായില്ല. 288 അംഗ സഭയിൽ ബി.ജെ.പിക്ക് 105 പേരും ശിവസേനയ്‌ക്ക് 56 പേരുമാണുള്ളത്. ജനവിധിയനുസരിച്ച് ഭൂരിപക്ഷത്തോടെ അധികാരത്തിലേറാൻ ഇൗ സംഖ്യ ധാരാളമായിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കസേര ആദ്യ രണ്ടരവർഷം തങ്ങൾക്കു വേണമെന്ന ഉപാധിയുമായി ശിവസേന സ്വരം കടുപ്പിച്ചതോടെ സഖ്യം അവതാളത്തിലായി. ശിവസേനയുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്ന് ബി.ജെ.പിയും ഉറച്ചതോടെ രണ്ടുപതിറ്റാണ്ടിലേറെ നീണ്ട സഖ്യം പൂർണമായും തകർന്നു. തുടർന്നാണ് ശിവസേന എൻ.സി.പിയെയും കോൺഗ്രസിനെയും കൂട്ടുപിടിച്ച് അധികാരത്തിലേറാൻ ശ്രമം തുടങ്ങിയത്. അങ്ങേയറ്റം അവസരവാദപരമായ ഇത്തരത്തിലൊരു സഖ്യത്തിന് എൻ.സി.പിയും കോൺഗ്രസും ആദ്യമൊക്കെ എതിരായിരുന്നുവെങ്കിലും ശർക്കരക്കുടം ആരും തൊടാതെയിരിക്കുന്നതു കണ്ടപ്പോൾ സഹിക്കാനായില്ല. അങ്ങനെയാണ് ഏറെ വൈമുഖ്യത്തോടെയെങ്കിലും 'ജനങ്ങളെ സേവിക്കാനായി" കൂട്ടുകക്ഷി മന്ത്രിസഭാ രൂപീകരണത്തിന് തയ്യാറായത്. എന്നാൽ കളി കൂടുതൽ നന്നായറിയാവുന്ന ബി.ജെ.പി നേതൃത്വം ഒറ്റരാത്രികൊണ്ട് ത്രികക്ഷിനീക്കം അമ്പേ പൊളിച്ചടുക്കുന്ന കാഴ്ചയാണ് കണ്ടത്. കേന്ദ്രത്തിൽ ഭരണമുള്ളതിന്റെ സർവ ആനുകൂല്യങ്ങളും ബി.ജെ.പിക്കാണെന്ന രാഷ്ട്രീയ യാഥാർത്ഥ്യം മറന്നുകൊണ്ടാണ് എതിർചേരിക്കാർ മഹാരാഷ്ട്രയിൽ ഇൗ നാടകമൊക്കെ ആടിയത്. ധാർമ്മികതയും സദാചാരവുമൊക്കെ ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ കരുനീക്കങ്ങളെ വിമർശിക്കാൻ ആളുകളുണ്ടാവും. എന്നാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിൽ മറ്റു കക്ഷികളും ആദർശങ്ങളും തത്വങ്ങളുമൊക്കെ വെടിഞ്ഞ് ഏതുവിധേനയും അധികാരത്തിലേറാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
ഇൗ രാഷ്ട്രീയ വീഴ്ചയിൽ ഏറ്റവുമധികം ചേതം സംഭവിച്ചത് പതിവുപോലെ അഖിലേന്ത്യാ കക്ഷിയായ കോൺഗ്രസിന് തന്നെയാണെന്നതിൽ സംശയമില്ല. പാർട്ടി ഏറ്റവും മേലേ ഉയർത്തിക്കാട്ടുന്ന മതേതര കാഴ്ചപ്പാടുപോലും മാറ്റിവച്ചാണ് വർഗീയകക്ഷിയായ ശിവസേനയുമായി കോൺഗ്രസ് പുതിയൊരു ബാന്ധവത്തിന് ഒരുങ്ങിയത്.പക്വമതികളായ പല നേതാക്കളും നേതൃത്വത്തെ അനിഷ്ടം അറിയിച്ചിരുന്നതായി വാർത്ത വന്നിരുന്നു. എന്നാൽ ഉപദേശക വൃന്ദത്തിനായിരുന്നു മേൽക്കൈ. പരിചയമോ പക്വതയോ രാഷ്ട്രീയ ലാഭനഷ്ടങ്ങൾ മുൻകൂട്ടി തിട്ടപ്പെടുത്താനുള്ള കഴിവോ ഇല്ലാത്തവരുടെ വാക്കുകൾ കേട്ട് തീരുമാനമെടുത്ത കോൺഗ്രസ് നേതൃത്വം ദേശീയതലത്തിൽ ഒരിക്കൽകൂടി അവമതി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. വിധിയെന്നല്ലാതെ എന്തുപറയാൻ.