കോവളം: വെങ്ങാനൂരിൽ ഗൃഹനാഥനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന് പിൻവശം ചാവടിനട കട്ടച്ചൽ മേലെ പണ്ടാര വിളാകത്ത് വീട്ടിൽ അനിൽകുമാറാണ് (52) മരിച്ചത്. ഇന്നലെ രാവിലെ ഏഴിന് നെയ്യാർ ഇറിഗേഷന്റെ കനാലിൽ നിന്നാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്.
മരപ്പണിക്കാരനായ ഇയാൾ വർഷങ്ങളായി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. സഹോദരങ്ങളോടൊപ്പം കഴിഞ്ഞിരുന്ന ഇയാൾക്ക് മദ്യപിക്കുന്ന പതിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ മരണാനന്തിര ചടങ്ങിൽ പങ്കെടുത്തതിന് ശേഷം രാത്രിയിൽ കനാലിന് സമീപത്തുകൂടി ഇയാൾ നടന്ന് പോകുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. എന്നാൽ നാലര മീറ്ററോളം താഴ്‌ചയുള്ള കനാലിൽ വെള്ളമുണ്ടായിരുന്നില്ല. മൃതദേഹം കമഴ്ന്നാണ് കിടന്നിരുന്നത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. മദ്യപിച്ചിരുന്ന ഇയാൾ അബന്ധത്തിൽ കാൽ വഴുതി തല കോൺക്രീറ്റ് ഭിത്തിയിലിടിച്ച് മരിച്ചതാകാമെന്ന് ബാലരാമപുരം പൊലീസ് പറഞ്ഞു. ഭാര്യ : ഉഷ. മക്കൾ: അനൂപ്, അശ്വതി.