കുളത്തൂർ: മൂന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പാരലൽ കോളേജ് അദ്ധ്യാപകനെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്‌തു. മൺവിള പാങ്ങപ്പാറ പാണൻവിള സ്വദേശി ടി.ആർ. അനിൽകുമാറാണ് (48) അറസ്റ്റിലായത്. കുളത്തൂർ ജംഗ്‌ഷന് സമീപത്തെ സ്വകാര്യ ടൂട്ടോറിയൽ കോളേജിലാണ് സംഭവം. ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് നടപടി.
പീഡനവിവരം കുട്ടികൾ സ്‌കൂളിലെ ചൈൽഡ് കൗൺസിലറെയാണ് അറിയിച്ചത്. ക്ലാസുണ്ടെന്നു പറഞ്ഞ് പെൺകുട്ടികളെ കോളേജിലേക്ക് വിളിപ്പിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. മൂന്നു പേരെയും വ്യത്യസ്‌ത സമയങ്ങളിലാണ് പീഡിപ്പിച്ചിരുന്നത്.
തന്നെ ഉപദ്രവിക്കുന്ന കാര്യം ഒരു കുട്ടി സഹപാഠികളായ മറ്റു രണ്ടു പേരോട് പറഞ്ഞപ്പോഴാണ് തങ്ങൾ മൂന്നു പേരെയും പ്രതി പീഡിപ്പിച്ചിരുന്ന വിവരം തമ്മിലറിഞ്ഞത്. സർക്കാർ ജീവനക്കാരനായ അനിൽകുമാറിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. തുമ്പ സി.ഐ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.