electric-bill

തിരുവനന്തപുരം : കണ്ടാലറിയാത്തവർ കൊണ്ടാലേ അറിയൂ എന്ന അവസ്ഥയിലായി ഗവ. പ്രസ് അധികൃതർ. വൈദ്യുതി എത്തിക്കുന്ന ഹൈടെൻഷൻ കേബിൾ സ്പെയർ വാങ്ങി സൂക്ഷിക്കണമെന്ന് കെ.എസ്.ഇ.ബി ആവർത്തിച്ചു പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. ഒടുവിൽ ഭയന്നത് സംഭവിച്ചു. വെള്ളിയാഴ്ച വൈദ്യുതി ബന്ധം നിലച്ചത് ഇന്നലെ രാത്രി വൈകിയും പുനസ്ഥാപിച്ചിട്ടില്ല. സമയബന്ധിതമായി പൂർത്തീകരിക്കേണ്ട അസാധാരണ ഗസ്റ്റുകളുടെ പ്രിന്റിംഗ് ഉൾപ്പെടെയാണ് നിലച്ചത്.

ട്രാൻസ്‌ഫോർമറിൽ നിന്ന് വൈദ്യുതി എത്തിക്കുന്ന ഹൈടെൻഷൻ കേബിൾ തകർന്നതിന് പകരമിടാൻ മറ്രൊന്ന് കരുതാത്തതാണ് പ്രശ്നമായത്. ജീവനക്കാർ ഇന്നലെ രാവിലെ എത്തിയെങ്കിലും ജോലിയൊന്നും ഇല്ലാത്തതിനാൽ വെറുതേ ഇരുന്ന് മടങ്ങി.

ഹൈടെൻഷൻ കേബിളുകളിലൊന്ന് ഉപയോഗിക്കുമ്പോൾ മറ്റൊരണ്ണം കരുതി വയ്ക്കുന്നതായിരുന്നു മുൻപത്തെ രീതി. ഉപയോഗിച്ചു വന്ന കേബിൾ അഞ്ചു വർഷം മുമ്പ് നശിച്ചപ്പോൾ കരുതി വച്ചിരുന്ന കേബിൾ (ഗുണമേന്മ കുറഞ്ഞത്) ഉപയോഗിച്ചു തുടങ്ങി. നല്ലൊരെണ്ണം ഉടൻ വാങ്ങി വയ്ക്കണമെന്ന് കെ.എസ്.ഇ.ബി നിർദേശിച്ചെങ്കിലും രണ്ടു ലക്ഷത്തോളം രൂപ ചെലവ് വരുന്നതിനാൽ പ്രസ് അധികൃതർ മടിച്ചു.

രണ്ട് ആഴ്‌ച മുമ്പ് ഉച്ചയ്ക്ക് വൈദ്യുതി ബന്ധം നിലച്ചതോടെ കെ.എസ്.ഇ.ബി പുത്തൻചന്ത സെക്‌ഷനിലെ ജീവനക്കാരെത്തി ഹെടെൻഷൻ കേബിളിലെ തകരാൾ താത്കാലികമായി പരിഹരിച്ചു. പുതിയതൊന്ന് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ 'പണി" കിട്ടുമെന്നും ഒരിക്കൽ കൂടി നന്നക്കാൻ പറ്റാത്തവിധം കേബിൾ തകർന്നിട്ടുണ്ടെന്നും മുന്നറിയിപ്പും നൽകി. എന്നാൽ, പ്രസ് അധികൃതർ കാര്യമാക്കിയില്ല. ഇതിനിടെയാണ് വെള്ളിയാഴ്‌ച വീണ്ടും വൈദ്യുതി നിലച്ചത്.

കെ.എസ്.ഇ.ബി ജീവനക്കാർ നിസ്സഹായരായി മടങ്ങിയതോടെയാണ് പ്രശ്നം ഗുരുതരമാകുമെന്ന ബോധം പ്രസ് അധികൃതർക്കുണ്ടായത്. അവരുടെ അഭ്യർത്ഥന പ്രകാരം കേബിൾ മാറ്റുന്നതിന് ആവശ്യമായ 2 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെ.എസ്.ഇ.ബി കൈമാറി. പണം അടയ്ക്കുന്നതോടെ പുതിയ കേബിളിട്ട് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.