thief

ഹൈദരാബാദ്: വിഗ്രഹത്തിലെ വെള്ളിക്കിരീടം അടിച്ചുമാറ്റുന്നതിമുമ്പ് കള്ളന്റെ പ്രാർത്ഥനയും ഏത്തമിടീലും. എല്ലാം കഴിഞ്ഞ് കിരീടവും അടിച്ചുമാറ്റി ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്നമട്ടിൽ കക്ഷി സ്ഥലംവിടുകയും ചെയ്തു. ഹൈദരാബാദിലെ ദുർഗാഭവാനി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിലാണ് മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ക്ഷേത്രം അടച്ച് എല്ലാവരും പോയശേഷമാണ് ഷർട്ടും പാന്റും ധരിച്ച മോഷ്ടാവ് എത്തിയത്.

ചുറ്റിലും ആരുമില്ലെന്ന് ഉറപ്പിക്കുകയാണ് ആദ്യം ചെയ്തത്. അതിനുശേഷമാണ് പ്രാർത്ഥന തുടങ്ങിയത്. മിനിട്ടുകളോളം സ്ഥലകാലം മറന്ന് പ്രാർത്ഥിച്ചു. തുടർന്നായിരുന്നു ഏത്തമിടീൽ. കണ്ണുകളടച്ച് എന്തൊക്കെയോ പറഞ്ഞുകൊണ്ടാണ് പലതവണ ഏത്തമിട്ടത്. അതുകഴിഞ്ഞ് വീണ്ടും പ്രാർത്ഥിക്കുന്നുണ്ട്. തുടർന്ന് ചുറ്റിലുംനോക്കി ആരുംഇല്ലെന്ന് ഉറപ്പിച്ചശേഷമായിരുന്നു മാേഷണം. വിഗ്രഹത്തിനടുത്തേക്ക് കൂടുതൽ നീങ്ങിനിന്നശേഷമാണ് കൂളായി കിരീടം അടിച്ചുമാറ്റിയത്. കിരീടം ഷർട്ടിനുള്ളിൽ ഒളിപ്പിച്ചശേഷം പുറത്തിറങ്ങിയ കള്ളൻ ബൈക്കിൽ അതിവേഗം പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മോഷണംപോയ കിരീടത്തിന് പതിനായിരത്തിലധികം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. മോഷ്ടാവിനെ എത്രയുംപെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിയാനാവും എന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതിനുവേണ്ടിയാണ് ദൃശ്യങ്ങൾ പരസ്യമാക്കിയത്.