kerala-bank

തിരുവനന്തപുരം : സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകളെ ചേർത്ത് കേരളബാങ്ക് ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രഖ്യാപനം വന്നെങ്കിലും നേരത്തെ തയ്യാറാക്കിയ ജില്ലാ -സംസ്ഥാന സഹകരണ ബാങ്കുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കേരളബാങ്കിൽ ജോലി കിട്ടുമോ എന്നതിൽ വ്യക്തതയില്ല.

ഇതോടെ വിവിധ ജില്ലാ സംസ്ഥാന സഹകരണ ബാങ്കിൽ നിലവിലുള്ള ക്ലാർക്ക് -കാഷ്യർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ പേരുൾപ്പെട്ട ഉദ്യോഗാർത്ഥികൾ ആശങ്കയിലായിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലെ ക്ളാർക്ക് - കാഷ്യർ നിയമനങ്ങൾ റാങ്ക് ലിസ്റ്റ് വന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും ഇതുവരെ ആകെ നാല് പേരെ മാത്രമാണ് നിയമിച്ചത്. മറ്റ് ജില്ലാ ബാങ്കുകളിൽ എഴുപതോളം നിയമനങ്ങൾ നടന്നപ്പോഴാണിത്. ബാങ്കിന്റെ രൂപവും ശൈലിയുമെല്ലാം മാറുന്നതോടെ നിലവിലെ റാങ്ക് ജേതാക്കളുടെ ഭാവിയെന്താകുമെന്ന് യാതൊരു മറുപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതും ക്രമവിരുദ്ധമായി സ്ഥാനക്കയറ്രം നൽകിയതുമാണ് ജില്ലാ ബാങ്കിലെ നിയമനങ്ങൾക്ക് തടസമായത്.

208 നിയമനങ്ങൾ 2010 ൽ ജില്ലാ സഹകരണ ബാങ്കിൽ രജിസ്ട്രാർ ക്ളാസിഫൈ ചെയ്‌തിരുന്നു. എന്നാൽ 2014 ആയപ്പോഴേക്കും 164 നിയമനങ്ങളായി ഇത് ചുരുങ്ങി. പി.എസ്.സി വഴി അഞ്ച് പേരെ നിയമിക്കുമ്പോൾ ഒരാളെ പ്രമോട്ട് ചെയ്യാനുള്ള അധികാരം ബാങ്കിനുണ്ടെങ്കിലും അനുപാതം തെറ്റിച്ച് 2017 ലെ റാങ്ക് ലിസ്റ്റ് വരുന്നതിന് മുൻപേ 22 പേരെ ബാങ്ക് താത്കാലികമായി പ്രമോട്ട് ചെയ്‌തു.

2017 ലെ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടക്കാത്തതിനാൽ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം 73 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോകാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. നാല് മാസം കഴിഞ്ഞ് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്. കേരള ബാങ്ക് യാഥാർത്ഥ്യമായാൽ നിലവിലുള്ള ജില്ലാ- സംസ്ഥാന ബാങ്കുകൾക്ക് വേണ്ടി തയ്യാറാക്കിയ ലിസ്റ്റിന്റെ സാധുത എന്താകുമെന്നതിനെക്കുറിച്ച് യാതൊരു പിടിയുമില്ലാത്ത അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ.