meeran-kadave

വക്കം: തീരദേശ പഞ്ചായത്തുകളെ യോജിപ്പിക്കുന്ന മീരാൻ കടവ് പാലം ഇരുട്ടിലായിട്ട് രണ്ട് വർഷത്തിലധികം.

2010ൽ കേരള അഗ്രോ ഇൻസ്ട്രീസാണ് ലൈറ്രുകൾ സ്ഥാപിച്ചത്. രണ്ട് വർഷം അറ്റകറ്റപ്പണികൾക്ക് സ്ഥാപനത്തിന്റെ സേവനവും ലഭിച്ചിരുന്നു. സേവന കാലാവധി കഴിഞ്ഞതോടെ ലൈറ്റുകൾ കത്താതെയായി. കടൽ തീരത്ത് നിന്നുള്ള ഉപ്പ് കലർന്ന കാറ്റ് ലൈറ്റിനും, സ്ഥാപിച്ച പൈപ്പുകൾക്കും ഭീഷണിയായി. തുരുമ്പ് കയറിയതോടെ ലൈറ്റുകളുടെ അടിത്തറയിളകി. ചിലത് ഇളകി വീണു. ഇതിനിടയിൽ ഒരു ലൈറ്റ് മോഷണവും പോയി. ഈ ലൈറ്റുകൾ അറ്റകുറ്റപണികൾ നടത്തി പ്രകാശിപ്പിക്കാതെ ഗ്രാമ പഞ്ചായത്ത് പാലത്തിന്റെ ഒരുവശത്ത് മാത്രം 2.2 ലക്ഷം രൂപ ചെലവഴിച്ച് സോളാർ മിനി ഹൈമാറ്റ്സ് ലൈറ്റ് സ്ഥാപിച്ചു. കാൽനടയാത്രക്കാരും മത്സ്യ തൊഴിലാളികളും പുലർച്ചേയും രാത്രിയും പാലം കടക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്.

ലൈറ്റുകൾ അറ്റകുറ്റപ്പണികൾ ചെയ്യുന്ന പതിവ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനില്ലെന്ന് നാട്ടുകാർ പറയുന്നു. തെരുവ് വിളക്ക് കത്തുന്നില്ലെന്ന് പറഞ്ഞാൽ അവഗണന മാത്രം. പരാതി നീളുമ്പോൾ ആയിരങ്ങൾ ചെലവിട്ട് പുതിയ ഒരണ്ണം സ്ഥാപിക്കും. കടൽ കാറ്റിൽ അതിനും ആയുസ് കുറയും. മീരാൻ കടവ് പാലത്തിൽ ലൈറ്റ് കത്താതിരുന്നത് മുതൽ പാലം സാമൂഹിക വിരുദ്ധരും, കഞ്ചാവ് മാഫിയയും കൈയേറി. ദിവസങ്ങൾക്ക് മുൻപ് പാലത്തിന്റെ താഴെ ഭാഗത്ത് വെച്ച് അഞ്ചുതെങ്ങ് പൊലീസിനെ ഇവിടുത്തെ മാഫിയ സംഘം കൈയേറിരുന്നു. പാലത്തിന് താഴെ ലഹരി തേടിയെത്തുന്ന വിദ്യാർത്ഥികളും ഏറെയാണ്. എല്ലാം അധികൃതർക്ക് അറിയാമെങ്കിലും നടപടികൾക്ക് ബന്ധപ്പെട്ടവർ മുതിരുന്നില്ല.