കിളിമാനൂർ: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡ് യാത്രക്കാർക്ക് ദുരിതമാകുന്നു. പുളിമാത്ത് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാരേറ്റ് ജംഗ്ഷനിലാണ് ലക്ഷക്കണക്കിന് രൂപ ചെലവിട്ട് ബസ് സ്റ്റാൻഡ് നിർമിച്ചത്. ഗ്രാമ പഞ്ചായത്ത് ഓഫീസും, പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സും പബ്ലിക് മാർക്കറ്റും ഇതിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റാൻഡിലേക്ക് കാരേറ്റ് - നഗരൂർ റോഡിൽനിന്നും രണ്ട് പ്രവേശന കവാടങ്ങളും, സംസ്ഥാന പാതയിൽ നിന്നും ഒരു പ്രവേശന കവാടവും ബസ് സ്റ്റാൻഡിലേക്കുണ്ട്. ബസ് സ്റ്റാൻഡ് പ്രസ്തുത റോഡുകളിൽ നിന്നും താഴ്ചയിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. മഴക്കാലമായാൽ മൂന്ന് പ്രവേശന കവാടങ്ങളും ബസ് സ്റ്റാൻഡും മുട്ട് ഒപ്പം വെള്ളത്തിൽ ആകും. ഇതോടെ കാൽ നടയാത്രക്കാർക്ക് ബസ് സ്റ്റാൻഡിൽ കയറാൻ കഴിയാത്ത സ്ഥിതിയാകും. ഇത് കാരണം സ്ത്രീകളും കുട്ടികളുമാണ് ഏറെ കഷ്ടത്തിലാകുന്നത്. മഴക്കാലം കഴിയുന്നതോടെ ചെളിക്കെട്ട് ഉണങ്ങി പൊടി പടലങ്ങൾ ഇവിടെ എത്തുന്ന യാത്രക്കാർക്കു മാത്രമല്ല വ്യാപാരികൾ ഉൾപ്പെടെ മറ്റുള്ളവർക്കും ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. ബസ് സ്റ്റാൻഡിന്റെ ദുരവസ്ഥ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും പ്രശ്ന പരിഹാരം അനന്തമായി നീളുകയാണ്.