വിതുര: വിനോദസഞ്ചാരകേന്ദ്രമായി പൊൻമുടി മേഖലയിൽ മഴ തിമിർത്തുപെയ്യുമ്പോൾ തൊണ്ടനനയ്ക്കുവാൻ ദാഹനീരിനായി ജനം നെട്ടോട്ടമോടുന്നതായി പരാതി. രണ്ടാഴ്ചയായി ഇൗ സ്ഥിതിവിശേഷമാണ് പൊൻമുടിയിൽ. പ്രശ്നം വാട്ടർഅതോറിട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജലക്ഷാമത്തിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പൊൻമുടി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരാണ്. പൈപ്പിൽ വെള്ളമില്ലാതെ വന്നതോടെ സ്റ്റേഷനിലെ ലാട്രിൻ ചീഞ്ഞുനാറുകയാണ്. കുടിക്കുവാൻ പോലും വെള്ളമില്ല. പൊലീസുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ വനത്തിൽ എത്തി ജലം ശേഖരിക്കണം. മാത്രമല്ല മൂക്ക് പൊത്തിയിരുന്ന് ഡ്യൂട്ടി നോക്കേണ്ട സ്ഥിതിയിലുമാണ്. വെള്ളം മുടങ്ങിയതു മൂലം സ്റ്റേഷന്റെ പ്രവർത്തനം തന്നെ അവതാളത്തിലാണ്. ഡ്യൂട്ടിക്കിടയിൽ വെള്ളം കോരുവാൻ പോകേണ്ട അവസ്ഥയാണ് പൊലീസുകാർക്ക്. മിക്ക പൊലീസുകാരും കുടിവെള്ളവുമായാണ് ഡ്യൂട്ടിക്കെത്തുന്നത്.
വെള്ളമില്ലാതെ വന്നതോടെ പൊലീസ് സ്റ്റേഷന് സമീപമുള്ള പബ്ലിക് കംഫർട്ട് സ്റ്റേഷനും ചീഞ്ഞു നാറുകയാണ്. പരിസരമാകെ ദുർഗന്ധം വമിക്കുന്നത് മൂലം മൂക്കും പൊത്തേണ്ട അവസ്ഥയിലാണ്. കുട്ടികളുടെ പാർക്ക് നിർമ്മാണത്തിന്റെ ഭാഗമായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങക്കിടയിൽ പൈപ്പ് ലൈനും തകർന്നിരുന്നു. തകർന്ന പൈപ്പ് ലൈൻ യഥാ സമയം നന്നാക്കാത്തതുമൂലമാണ് കുടിവെള്ളവിതരണം നിലച്ചത്.
പൊൻമുടി മേഖലയിൽ പൈപ്പ് ജലവിതരണം തടസ്സപ്പെട്ടത് വിനോദസഞ്ചാരികൾക്കും തിരിച്ചടിയായി മാറി. പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ കയറുവാൻ കഴിയാത്ത അവസ്ഥയിലാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിറവേറ്റണമെങ്കിൽ വനത്തിനുള്ളിൽ പോകണം. വനമേഖലയിൽ കാട്ടുപോത്തിന്റെയും കാട്ടാനയുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ സഞ്ചാരികളെ ആക്രമിക്കുവാൻ ശ്രമിച്ച സംഭവവും അടുത്തിടെ അരങ്ങേറി. ഇപ്പോൾ പകൽ സമയത്തുപോലും പൊൻമുടി അപ്പർസാനിറ്റോറിയം മേഖലയിൽ കാട്ടുമൃഗശല്യം വർദ്ധിച്ചിട്ടുണ്ട്.