പോത്തൻകോട്: അഡിഷണൽ ഡി.എം.ഒ. യുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ ജില്ലാ ടീമും പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ ശശിയുടെയും നേതൃത്വത്തിൽ കഴക്കൂട്ടം, പോത്തൻകോട് മേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അണ്ടൂർക്കോണം, തോന്നയ്ക്കൽ, മംഗലപുരം, വേളി, പുതുകുറിച്ചി തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽ നിരവധി സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഇറച്ചി, മുട്ട, മീൻ, പാചകം ചെയ്ത് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷ്യവസ്തുക്കളും പിടികൂടി നശിപ്പിച്ചു. ജില്ലാ ടീമിന്റെ നേതൃത്വത്തിൽ കിൻഫ്രയിലെ മാജിക് പ്ലാനറ്റിലും, കഴക്കൂട്ടത്തെ തക്കാരത്തിലും പരിശോധന നടത്തി. ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് ഇനിയും പരിശോധനകൾ തുടരുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭക്ഷണമാണെന്ന തിരിച്ചറിവില്ലാതെ
ചില ബോർമകളിൽ ചാക്കിൽ നിറച്ചനിലയിൽ പാചകം ചെയ്ത ബേക്കറി സാധനങ്ങൾ ലേബൽ ഒട്ടിക്കാതെ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി. ആഴ്ചകൾക്ക് മുമ്പ് നിർമ്മിച്ചതെന്ന് കരുതുന്ന ഇവ കടകളിലേക്ക് സപ്ലൈ ചെയ്യുന്ന ദിവസമാണ് തീയതി അടങ്ങിയ ലേബൽ ഒട്ടിക്കുന്നതെന്ന് നേരത്തെ ഹെൽത്ത് വിഭാഗത്തിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകി. യാതൊരു ശുചിത്വവുമില്ലാതെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന വാവറമ്പലത്തെ അറേബ്യാൻ ഹോട്ടൽ, പോത്തൻകോട്ടെ ദിൽഹാർ തുടങ്ങിയ ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകി. കഴിഞ്ഞ തവണ പരിശോധനകൾ നടത്തി കുറവുകൾ കണ്ടെത്തിയ ബേക്കറികൾക്കും ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന ബോർമകളും ഉദ്യോഗസ്ഥർ വീണ്ടും പരിശോധിച്ച് സൗകര്യങ്ങൾ ഉറപ്പുവരുത്തി. നേരത്തെ പരിശോധിച്ച് പോരായ്മകൾ പരിഹരിക്കാൻ നോട്ടീസ് നൽകിയ സ്ഥാപനങ്ങളിൽ വീണ്ടും കുഴപ്പങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾ പൂട്ടാനും നിർദ്ദേശിച്ചു.