nov23j

ആറ്റിങ്ങൽ: കൊല്ലമ്പുഴയെ ഭീതിയിലാക്കിയ പെരുമ്പാമ്പിനെ വാവ സുരേഷ് പിടികൂടി. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് വാവ സുരേഷ് കൊല്ലമ്പുഴ കോട്ടപ്പുറം റോഡിൽ നിന്നും പാമ്പിനെ പിടികൂടിയത്. നവംബർ പത്തിനാണ് കൊല്ലമ്പുഴ മാരഴ്ച്ചകവിനുസമീപം ജെ.സി.ബി ഉപയോഗിച്ച് പുരയിടം വൃത്തിയാക്കുന്നതിനിടെ പെരുമ്പാമ്പിനെ കാണുന്നത്. വാഹനത്തിലുള്ളയാൾ മൊബൈലിൽ വീഡിയോ ദൃശ്യം പകർത്തുകയും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇത് പരിസരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. അടുത്ത ദിവസങ്ങളിൽ കോട്ടപ്പുറം റോഡിൽ പെരുമ്പാമ്പിനെ കണ്ടതായി നാട്ടുകാർ പറഞ്ഞതോടെ ഭീതി വർദ്ധിച്ചു. വെള്ളിയാഴ്ച് രാത്രി ഒൻപത് മണിയോടെ ഒരു യുവാവ് ഈ റോഡിൽ കലിങ്കിന് സമീപമായി പെരുമ്പാമ്പിനെ കണ്ടു. ഇയാൾ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഒത്തുകൂടി വാർഡ് മെമ്പർ പ്രശാന്തിന്റെ നേതൃത്വത്തിൽ വാവ സുരേഷിനെ വിളിച്ചു. വാവസുരേഷ് സ്ഥലത്തെത്തി കലുങ്കിന്റെ സമീപമുള്ള വയലിലെ പുല്ല് നീക്കം ചെയ്യാൻ ജെ.സി.ബിയുടെ സഹായം ആവശ്യപ്പെടുകയും ചെയ്‌തു. ജെ.സി.ബി ഉപയോഗിച്ച് പുല്ല് മാറ്റി അഞ്ചുമണിക്കൂറിൽ പ്രയത്നത്തിലൊടുവിലാണ് പെരുംപാമ്പിനെ പിടികൂടിയത്. രണ്ട് വയസുള്ള പെൺ പാമ്പാണിതെന്നും നദിയിലൂടെ ഇത്തരം പാമ്പുകൾ ഇവിടെ എത്താൻ സാദ്ധ്യത കുറവാണെന്നും ലോക്കൽ പാമ്പ് പിടുത്തക്കാർ പിടികൂടി ഉപേക്ഷിച്ചതാവാം എന്നും വാവ സുരേഷ് പറഞ്ഞു.