youth-

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം ഇന്ന് ആരംഭിക്കുമെന്ന് അഖിലേന്ത്യാനേതൃത്വം. എന്നാൽ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് രീതി ഒഴിവാക്കണമെന്ന നിലപാടിൽ സംസ്ഥാന സംഘടനാ നേതൃത്വവും പാർട്ടി നേതൃത്വവും. കേരളത്തിന്റെ സാഹചര്യം വിശദീകരിച്ച്, തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസും സി.ആർ. മഹേഷും ഇന്ന് ഡൽഹിയിൽ നേതാക്കളെ കാണും. രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നു.

തിരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ ആലുവ മുനിസിഫ് കോടതി നടപടികൾ സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഇത് നീക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതിനാൽ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോവുകയാണെന്ന് തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്ര ദാസ് കേരളകൗമുദിയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യം കേരളത്തിൽ നിന്നുണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും മുല്ലപ്പള്ളിയുമായുമെല്ലാം സംസാരിച്ചതാണെന്നും പറയുന്നു.

എന്നാൽ, ഇവർ മൂവരും സംയുക്തമായാണ് സോണിയാ ഗാന്ധിയെ കണ്ട് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ഡി.സി.സി അദ്ധ്യക്ഷന്മാരുടെ യോഗത്തിലും തിരഞ്ഞെടുപ്പ് ഇപ്പോൾ വേണ്ടെന്ന അഭിപ്രായമാണുണ്ടായത്. പത്രികാസമർപ്പണം ഇന്ന് ആരംഭിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള പ്രതികരണം എന്താവുമെന്നാണ് ദേശീയനേതൃത്വം ഉറ്റുനോക്കുന്നത്.