തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ സ്‌റ്റാർട്ടപ്പ് സ്ഥാപനമായ കോഗ്നിഫൈ ടെക്‌നോളജീസിൽ നിക്ഷേപം നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് വിഷൻ (എ.ഐ.വി.ഐ ) സാങ്കേതികവിദ്യയുടെ വികസനവും നൂതന ഗവേഷണവും ത്വരിതപ്പെടുത്തുകയും വിപണിയിൽ ഒന്നിച്ചുമുന്നേറാൻ ഇരുകമ്പനികൾക്കും വഴിയൊരുക്കുന്നതുമാണ് നിക്ഷേപം.

മാനുഫാക്ചറിംഗ്, റീട്ടെയിൽ, സർവൈലൻസ്, പൊതുമേഖല, ആരോഗ്യരക്ഷ, ലോജിസ്‌റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ കോഗ്നിഫൈയുടെ എ.ഐ സൊല്യൂഷനുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. സാങ്കേതികവിദ്യയും വ്യാപാര ഇടപാടുകളും ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന ഇടങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. ലോകത്തിന്റെ പുരോഗതിക്കായി എ.ഐ., മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ് എന്നിവ പ്രയോജനപ്പെടുത്തി, ശരിയായ മൂല്യവും സങ്കീർണമായ സാങ്കേതികസേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് യു.എസ്.ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്‌സാണ്ടർ വർഗീസ് പറഞ്ഞു.