ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒരു കെട്ടിടം അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിയുന്നു. കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഹൈസ്‌കൂളിലും ഹയർസെക്കൻഡറിയിലുമായി നിരവധി വിദ്യാർത്ഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. കാലപ്പഴക്കംചെന്ന കെട്ടിടത്തിന്റെ പലഭാഗങ്ങളും ഇടിഞ്ഞു കമ്പികൾ പുറത്തു കാണാവുന്ന അവസ്ഥയിലാണ്.
നഗരസഭ നിർമ്മിച്ച് നൽകിയ പുതിയ മന്ദിരവും, അതോടൊപ്പം നിർമ്മാണം നിറുത്തിവച്ചിരിക്കുന്ന മറ്റൊരു ബഹുനില മന്ദിരവും ഇവിടുണ്ട്. എന്നിട്ടും ഈ തകർന്നു വീഴാറായ കെട്ടിടത്തിലാണ് ചില ക്ലാസുകൾ നടക്കുന്നത്. കെട്ടിടത്തിന്റെ ഈ ശോചനീയാവസ്ഥയിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും നാട്ടുകാരും ഭീതിയിലാണ്.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്‌കൂളിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം തകർന്നിട്ട് വർഷം രണ്ടായി. ഇതുവരെയും ഈ ഭാഗം പുതുക്കി പണിയാൻ അധികൃതർ ശ്രമിക്കാത്തതിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്. മതിലിന്റെ പൊളിഞ്ഞ ഭാഗത്തുകൂടി തെരുവു നായ്ക്കൾ സ്കൂൾ വളപ്പിൽ കയറുകയാണ്. പലപ്പോഴും കുട്ടികളെ ആക്രമിക്കാൻ നായ്ക്കൽ ശ്രമിക്കുന്നതായും പരാതിയുണ്ട്.