vat-

തിരുവനന്തപുരം: വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ച വാറ്റ് നികുതി കുടിശിക പിരിവ് വീണ്ടും തുടങ്ങാൻ വാണിജ്യനികുതി വകുപ്പ് നീക്കമാരംഭിച്ചു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി ഉയർത്തുന്നത്. കൂടുതൽ കുടിശികയുള്ള 200 പേർക്കാവും ആദ്യം നോട്ടീസ് അയയ്ക്കുക.

നോട്ടീസ് കൈപ്പറ്റിയാൽ വ്യാപാരികൾ കുടിശിക കെട്ടിവയ്ക്കുകയോ, തവണകളായി അടയ്ക്കാൻ സാവകാശം തേടുകയോ വേണം. അല്ലെങ്കിൽ കുടിശികയുടെ 20 ശതമാനം കെട്ടിവച്ച് അപ്പീൽ നൽകണം. രണ്ടായാലും സർക്കാരിന് ഒരു നിശ്ചിത തുക സമാഹരിക്കാൻ കഴിയും.

ഇതിന് മറ്റൊരു വശവുമുണ്ട്. വാറ്റിൽ നിന്ന് ജി.എസ്.ടിയിലേക്ക് മാറുന്നതോടെ വ്യാപാരികൾക്ക് വാറ്റ് രജിസ്ട്രേഷൻ ഡെപ്പോസിറ്റ് തിരിച്ചു നൽകേണ്ടിവരും. ഇത് 250 കോടിയിലേറെ രൂപയാണ്. നോട്ടീസയച്ച് നടപടിയിൽ കുരുക്കിയാൽ തത്കാലം ഇത് നൽകേണ്ടിവരില്ലെന്നും സർക്കാർ കണക്കുകൂട്ടുന്നു.

വാറ്റ് രജിസ്ട്രേഷനായി 10000 രൂപ മുതൽ 50000 രൂപ വരെയാണ് ഒാരോ വ്യാപാരിയും കെട്ടിവച്ചിട്ടുള്ളത്. സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം പേർക്കാണ് വാറ്റ് രജിസ്ട്രേഷൻ ഉണ്ടായിരുന്നത്.

ആഗസ്റ്റ് മുതൽ വാണിജ്യനികുതി വകുപ്പ് നൽകിയ കുടിശിക നോട്ടീസിൽ വ്യാപക പരാതി ഉയർന്നിരുന്നു. വാറ്റ് നികുതിയുമായി ഒരു ബന്ധവുമില്ലാത്ത തരത്തിൽ ഭീമമായ കുടിശികയാണ് നോട്ടീസിൽ കാണിച്ചിരുന്നത്. ഇതിൽ പ്രതിഷേധിച്ച് വ്യാപാരികൾ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തി. സോഫ്ട്‌വെയറിലെ തകരാറാണ് പ്രശ്നമായതെന്ന മറുപടിയിൽ തൃപ്തരാകാതെ വ്യാപാരികൾ ധനമന്ത്രിയുമായി ചർച്ച നടത്തി. നടപടികൾ പൂർണമായി നിറുത്തിവയ്ക്കുമെന്ന ഉറപ്പാണ് കിട്ടിയത്. എന്നാൽ, നോട്ടീസ് നിയമ സ്വഭാവമുള്ളതായതിനാൽ തുടർ നടപടി നിറുത്തിവയ്ക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ആവശ്യമാണ്. മന്ത്രിസഭ അനുമതി നൽകിയിട്ടില്ലെന്ന ന്യായം പറഞ്ഞാണ് വീണ്ടും നോട്ടീസുമായി മുന്നോട്ടു പോകുന്നത്.

 കൂടുതൽ കുടിശികയുള്ള 200 പേർക്ക് ആദ്യം നോട്ടീസ്

 തുക അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ 20 ശതമാനം കെട്ടിവച്ച് അപ്പീൽ നൽകണം

 വാറ്റ് രജിസ്ട്രേഷനായി ഓരോ വ്യാപാരിയും കെട്ടിവച്ചിട്ടുള്ളത് : 10,000 - 50,000 രൂപ

 സംസ്ഥാനത്ത് വാറ്റ് രജിസ്ട്രേഷൻ ഉള്ളത്: 2,00,000 പേർക്ക്

' സോഫ്ട്‌വെയറിലെ തകരാർ മുഴുവനായി പരിഹരിച്ചുള്ളതാവും പുതിയ നോട്ടീസ്- വാണിജ്യനികുതി വകുപ്പിന്റെ വിശദീകരണം"

 എന്താണ് വാറ്റ്?

സർക്കാരുകളുടെ നിയമപ്രകാരം വ്യാപാരികൾ ഓരോ തവണ സാധനങ്ങൾ വിൽക്കുമ്പോളും ഉപഭോക്താക്കളിൽ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കേണ്ടതാണ്‌. ഇങ്ങനെ ഈടാക്കുന്ന നികുതിയിൽ നിന്നും ഉല്പന്നം വാങ്ങുമ്പോൾ കൊടുക്കുന്ന നികുതി കുറച്ച് ബാക്കി വരുന്ന നികുതിയാണ് മൂല്യവർദ്ധിത നികുതി അഥവാ Value Added Tax - VAT.