തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് ശേഷം മുൻനിലപാടിൽ നിന്ന് പിന്നോട്ട് പോകുന്ന തരത്തിൽ മന്ത്രിമാരടക്കം പ്രതികരിച്ചതോടെ നവോത്ഥാന സമിതിയിൽ അതൃപ്തി കനക്കുന്നു.
സമിതി ജനറൽസെക്രട്ടറി കൂടിയായ കെ.പി.എം.എസ് സംസ്ഥാന ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ നേരത്തേ തന്നെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം വിഷയം ചർച്ച ചെയ്യാൻ ചേർന്ന കെ.പി.എം.എസ് സംസ്ഥാന ജനറൽകൗൺസിലും നിലപാട് കടുപ്പിച്ചു. പുരോഗമന ആശയങ്ങൾ വെടിഞ്ഞ് നവോത്ഥാന സമിതിയിൽ തുടരേണ്ടതില്ലെന്നും ഇക്കാര്യം ബന്ധപ്പെട്ട വേദികളിലുന്നയിക്കാനുമാണ് തീരുമാനം.
ജനറൽ കൗൺസിലിന്റെ വികാരം അറിയിക്കാനും സർക്കാർ നിലപാടിൽ വ്യക്തത തേടാനും മൂന്നംഗ പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയനെ കാണും. വിദേശയാത്ര കഴിഞ്ഞ് ഡിസംബർ അഞ്ചിന് അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും കൂടിക്കാഴ്ച. പുന്നലയ്ക്കൊപ്പം കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് വി. ശ്രീധരനും ട്രഷറർ എൽ. രമേശനുമാണ് മുഖ്യമന്ത്രിയെ കാണുക.
സർക്കാർ ആദ്യ നിലപാട് മരവിപ്പിക്കുകയോ പിന്നോട്ട് പോവുകയോ ചെയ്തെന്ന പ്രതീതിയാണ് സൃഷ്ടിച്ചതെന്ന് കെ.പി.എം.എസ് കരുതുന്നു. തങ്ങൾ നടത്തിവന്ന ആശയപ്രചാരണത്തിന്, സർക്കാരിൽ നിന്ന് മുൻകൈയുണ്ടായപ്പോൾ കൂടെ നിൽക്കാൻ സംഘടന തീരുമാനിച്ചതാണ്. എന്നാൽ ഇപ്പോഴത്തെ നീക്കങ്ങൾ ആശാവഹമല്ലെന്ന് പുന്നല ശ്രീകുമാർ കേരളകൗമുദിയോട് പറഞ്ഞു.