തിരുവനന്തപുരം: സ്റ്റാർട്ടപ്പ് സംരംഭമായ വി.എസ്.ടി മൊബിലിറ്റി സൊലൂഷൻസ് ആഗോള ശ്രദ്ധയിലേക്ക്. മേക്ക് ഇൻ കേരളയുടെ ഭാഗമായി കമ്പനി നിർമ്മിച്ച ഐ.ആർ.എൻ.എസ്.എസ് വെഹിക്കിൾ ട്രാക്കിംഗ് ഉപകരണമായ 'സ്മാർട്ട് എക്ലിപ്സ്' ഇനി നൂറിലധികം രാജ്യങ്ങളിലെത്തും. ഹോട്ടൽ ഹൈസിന്തിൽ നടന്ന സ്മാർട്ട് എക്ലിപ്സിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ ഇതു സംബന്ധിച്ച ധാരണപത്രം കൈമാറി. ഹിയർ ടെക്‌നോളജി കമ്പനിയാണ് സ്മാർട്ട് എക്ലിപ്സ് ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. ഇരുകമ്പനികളും തമ്മിൽ ധാരണയായതോടെ നൂറിലധികം രാജ്യങ്ങളിൽ ഇനി സ്മാർട്ട് എക്ലിപ്സ് വെഹിക്കിൾ ട്രാക്കർ അവതരിപ്പിക്കും. ഹിയർ കമ്പനിയുമായുള്ള ധാരണപത്രത്തിൽ കമ്പനി ഗ്ലോബൽ അലയൻസ് മാനേജർ ആദിത്യ വാഗ്‌റേയ് ഒപ്പുവച്ചു. സി.ഐ.ടി കമ്പനിക്ക് കേരളത്തിലെ വിതരണാവകാശ സർട്ടിഫിക്കറ്റ് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് കൈമാറി. 2015 ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങിയ കമ്പനി ചുരുങ്ങിയ വർഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്നലെ നടന്ന ചടങ്ങിൽ ഐ.ടി മിഷൻ ഡയറക്ടർ ഡോ . ചിത്ര സ്മാർട്ട് എക്ലിപ്‌സും കൃത്രിമബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റമായ വിഡാഷും ഒൗദ്യോഗികമായി പുറത്തിറക്കി. സ്റ്റാർട്ടപ്പ് കമ്പനിയുടെ ഭാവി പ്രവർത്തനം ലക്ഷ്യമാക്കി ചെയർമാനായ കാനഡ സ്വദേശിയും ഗൾഫ് ബിസിനസ് ഗ്രൂപ്പ് ചെയർമാനും അനാസ് ടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അഡിഷണൽ ഡയറക്ടറുമായ റെയ്‌മണ്ട് മെഖായേൽ ഇരുപത് മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് യോഗത്തിൽ അറിയിച്ചു.

വി.എസ്.ടി മൊബിലിറ്റി സൊലൂഷൻസ് കമ്പനി സി.ഇ.ഒ ആൽവിൻ ജോർജ്, യുക്ടെൽ ഇന്ത്യയുടെ മേധാവി ദിനേശ് പട്കർ, ടാറ്റാ കമ്മ്യൂണിക്കേഷൻ മൊബിലിറ്റി സെയിൽ ജനറൽ മാനേജർ സൗരവ് ചന്ദ്രയും പങ്കെടുത്തു.