തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസ് വിചാരണയ്ക്കിടെ ഒരു പ്രധാന സാക്ഷി കൂടി കൂറുമാറി. 39-ാം സാക്ഷിയും അഭയയുടെ റൂം മേറ്റും ഉറ്റ സുഹൃത്തുമായ സിസ്റ്റർ ഷെർളിയാണ് പ്രത്യേക സി.ബി.എെ കോടതിയിലെ വിചാരണയിൽ കൂറുമാറിയത്. കൂറുമാറിയവരുടെ എണ്ണം ഇതോടെ എട്ടായി.
ഷെർളി കൂറുമാറിയതിനെ തുടർന്ന് മറ്റൊരു സാക്ഷിയായ സിസ്റ്റർ ആനന്ദത്തിനെ വിസ്തരിക്കേണ്ടതില്ലെന്ന് സി.ബി.എെ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം കോൺവെന്റിലെ അടുക്കളയിലെ ഫ്രിഡ്ജ് തുറന്നും ഒരു ശിരോവസ്ത്രം വാതിലിൽ കുടുങ്ങിയും അഭയയുടെ ചെരുപ്പുകൾ രണ്ടിടത്തായും കിടക്കുന്നത് കണ്ടെന്ന് സി.ബി.എെക്ക് നേരത്തേ നൽകിയ മൊഴിയാണ് കോടതിയിൽ മാറ്റിപ്പറഞ്ഞത്.
ഉറ്റ സുഹൃത്തായ ഷെർളിയോടാണ് സിസ്റ്റർ അഭയ എല്ലാകാര്യങ്ങളും പങ്കുവച്ചിരുന്നത്. സംഭവ ദിവസം ഷെർളിയാണ് അഭയയെ പഠിക്കാനായി രാവിലെ വിളിച്ചുണർത്തിയത്. ഉണർന്നെണീറ്റ അഭയ വെള്ളമെടുക്കാൻ കോൺവെന്റിലെ അടുക്കളയിലേക്ക് പോയി. അവിടെവച്ച് കാണാൻ പാടില്ലാത്ത കാഴ്ച കണ്ട അഭയയെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് സി.ബി.എെ കേസ്.
കേസിലെ നിർണായക സാക്ഷി ആയതുകൊണ്ട് ഷെർളിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കാൻ സി.ബി.എെ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഷെർളി സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. കൂറുമാറിയ ഷെർളിയെ സി.ബി.എെ പ്രോസിക്യൂട്ടർ എം.നവാസ് ക്രോസ് വിസ്താരം നടത്തി. താൻ ഇപ്പോഴും മഠത്തിന്റെ കീഴിലുള്ള സ്കൂളിലെ അദ്ധ്യാപികയാണെന്ന് ഷെർളി സമ്മതിച്ചു.