തിരുവനന്തപുരം : പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിൽ ഉത്തരങ്ങൾ കൈമാറ്റം ചെയ്യാനായി പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ ബംഗളൂരുവിൽ അന്വേഷണ സംഘം കണ്ടെത്തി. യൂണിവേഴ്‌സിറ്റി കോളേജിലെ മുൻ വിദ്യാർത്ഥിയും ആറാം പ്രതിയുമായ പ്രവീണിന്റെ ഫോണാണിത്.
കേസിൽ ശാസ്ത്രീയ തെളിവുകളില്ലാതെ വലഞ്ഞ ക്രൈംബ്രാഞ്ചിന് നിർണായക തെളിവ് ആശ്വാസകരമാണ്. ക്രമക്കേടിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും മൂന്നാറിന് സമീപം പുഴയിലെറിഞ്ഞെന്നാണ് പ്രതികൾ ആവർത്തിച്ച് പറഞ്ഞിരുന്നത്. ഇത് അന്വേഷണത്തെ സാരമായി ബാധിച്ചിരുന്നു.
രണ്ടാം പ്രതി നസീം ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് ഒരു പ്രത്യേക ആപ്ളിക്കേഷൻ വഴി പ്രവീണിന്റെ ഫോണിലേക്കാണ് അയച്ചുകൊടുത്തത്. ഇത് പരിശോധിച്ച് മറ്റ് പ്രതികളായ ഗോകുൽ, സഫീർ എന്നിവർ ഉത്തരങ്ങൾ തിരികെ അയച്ചതും ഇതേ ഫോണിൽ നിന്നായിരുന്നു.
കേസിൽ ദിവസങ്ങൾക്ക് മുമ്പ് കീഴടങ്ങിയ പ്രവീണിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടെത്തിയത്. ഫോൺ നശിപ്പിച്ചെന്നായിരുന്നു പ്രവീണിന്റെ ആദ്യ മൊഴി. ഐ.എം.ഇ.ഐ നമ്പരിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രവീൺ മറ്റുപ്രതികൾ അറിയാതെ സ്റ്റാച്യൂവിലെ ഒരു കടയിൽ വിറ്റതാണെന്ന് കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളി ഫോൺ വാങ്ങിയെങ്കിലും കൈമറിഞ്ഞ് ബംഗളൂരുവിലെത്തി. അവിടെ ജോലിചെയ്യുന്ന യശ്വന്ത്പൂർ സ്വദേശിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് എസ്.ഐ അനൂപ്കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം ഫോൺ കണ്ടെടുത്തത്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.