വെഞ്ഞാറമൂട് : പിന്നോട്ടിറങ്ങിയ പിക്കപ്പ് വാനിനും തെങ്ങിനുമിടയിൽ കുരുങ്ങിയ ഡ്രൈവർക്ക് ദാരുണാന്ത്യം. പേരുമല പണ്ടാരത്തോട് തിരുവോണത്തിൽ സുജിത്താണ് (34) മരിച്ചത്. ഇന്നലെ വൈകിട്ട് നാലിന് നെല്ലനാട് ഭൂതമടക്കി പ്ലാപ്പെട്ടിയിലായിരുന്നു അപകടം.
പേരുലയിൽ നിന്ന് സിമന്റും താബൂക്കുമായെത്തിയ പിക്കപ്പിലെ ഡ്രൈവറായിരുന്നു സുജിത്ത്. ഓട്ടത്തിനിടെ കയറ്റത്ത് നിന്നു പോയ വാഹനത്തിൽ നിന്ന് സുജിത്ത് പുറത്തിറങ്ങി. പിന്നോട്ടുരുണ്ട പിക്ക് അപ്പ് നിറുത്താൻ പുറത്ത് നിന്ന സുജിത്ത് ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് പിക്കപ്പ് സമീപത്തുണ്ടായിരുന്ന തെങ്ങിനിനടുത്തുള്ള കുഴിയിലേക്ക് ചരിഞ്ഞു. ഇതിനിടെയാണ് സുജിത്ത് പിക്ക് അപ്പിനും തെങ്ങിനുമിടയിൽ കുരുങ്ങിയത്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : അനില. മക്കൾ : അക്ഷര, ആദി, അബി.