തിരുവനന്തപുരം : മൊബൈൽഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പതിന്നാലുകാരനെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ കേസിൽ രണ്ട് പേർ പിടിയിൽ. കണ്ണമ്മൂല പുത്തൻപാലം വയൽ നികത്തിയ വീട്ടിൽ ആർ. അരുൺ (33), കൊല്ലൂർ തോട്ടുവരമ്പ് വീട്ടിൽ ബി.രാജേഷ് (34) എന്നിവരാണ് പേട്ട പൊലീസിന്റെ പിടിയിലായത്. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
വാതിൽപൊളിച്ച് വീടിനുള്ളിൽ കടന്നാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ആനയറ ഊളൻകുഴി രാജന്റെ മകൻ നീരജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 11നാണ് ഇരുവരും ചേർന്ന് നീരജിനെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കൾ വേർപെട്ട് കഴിയുന്നതിനാൽ മിക്കവാറും നീരജ് വീട്ടിൽ ഒറ്റയ്ക്കായിരിക്കും. നീരജിന്റെ അച്ഛന്റെ സുഹൃത്തുക്കളാണ് പ്രതികൾ. കഴിഞ്ഞ ദിവസം ഇവർ നീരജിന്റെ വീടിന് സമീപം ഇരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ പ്രതികളുടെ മൊബൈൽ ഫോൺ കാണാതായി. മൊബൈൽഫോൺ നീരജ് എടുത്തെന്ന സംശയത്തിലായിരുന്നു മർദ്ദനം.
പേട്ട സി.ഐ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ പ്രതികളെ ആനയറയ്ക്ക് സമീപം വച്ച് രാത്രിയോടെ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
അച്ഛന്റെ സുഹൃത്തുകളുടെ ക്രൂരമർദ്ദനം
പ്രതികൾ പിൻവാതിൽ പൊളിച്ചാണ് ഉള്ളിൽ കടന്നത്. ശബ്ദം കേട്ട് ഉണർന്ന നീരജിനെ ചെകിട്ടത്ത് അടിച്ച് വീഴ്തി. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കിൽ കയറ്റി ചാക്ക ബൈപ്പാസിന് സമീപമുള്ള കാടുപിടിച്ച സ്ഥലത്ത് എത്തിച്ചു. തുടർന്നായിരുന്നു മർദ്ദനം.
സമീപത്ത് ആരുമില്ലാത്തതിനാൽ നീരജിന്റെ നിലവിളി ആരും കേട്ടില്ല.
അരുണാണ് ആദ്യം തടികൊണ്ട് തലയ്ക്ക് അടിച്ചത്. അടികൊള്ളാതിരിക്കാൻ ഇടതു കൈകൊണ്ട് തടഞ്ഞെങ്കിലും അടിയേറ്റ് കൈ ഒടിഞ്ഞുതൂങ്ങി. പിന്നീട് വലതുകാലും അടിച്ചൊടിച്ചു. താഴെ വീണ നീരജിനെ വീണ്ടും മർദ്ദിച്ചു. ദേഹമാസകലം അടിച്ചു. വയറിലും നടുവിനും പരിക്കേറ്റിട്ടുണ്ട്. അരമണിക്കൂറോളം പ്രതികൾ നീരജിനെ മർദ്ദിച്ചു. അവശനായപ്പോൾ തിരികെ ബൈക്കിൽ കയറ്റി വീടിന് മുന്നിൽകൊണ്ടുവന്ന് ഇറക്കിവിട്ടു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിപ്പെടുത്തുന്നത് കണ്ട പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.