കാട്ടാക്കട: ആമച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാട്ടാക്കടയിലെ ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി പിഴ ഈടാക്കി. പലയിടങ്ങളിൽ നിന്നും പഴകിയതും കേടായതുമായ ചോറ്, ആട്ടിയമാവ്, വൃത്തിഹീനമായ ഫ്രിഡ്ജുകളിൽ സൂക്ഷിച്ചിരുന്ന പാനീയങ്ങൾ, കാലാവധി രേഖപ്പെടുത്താത്ത മയോനൈസ് പാക്കറ്റ്, ശുചിത്വമില്ലാത്ത സ്ഥലത്ത് തയാറാക്കുന്ന കുഴിമന്തി, വൃത്തിഹീനമായ അടുക്കളയും പരിസരവും ഉള്ള 15 സ്ഥാപനങ്ങൾക്കെതിരെ ഉദ്യോഗസ്ഥർ നടപടിയെടുത്ത് പിഴ ഈടാക്കി. കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യ വസ്തുക്കൾ ഉടമസ്ഥരെക്കൊണ്ട് നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമ്മാരായ വർഗ്ഗീസ്, പി. ഗോപിനാഥൻ നായർ, ഷിജു, ബിനു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.