തിരുവനന്തപുരം: നാളെ രാവിലെ നടത്താനിരുന്ന ഐ.എസ്.ആർ.ഒ.യുടെ ഭൂനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹം കാർട്ടോസാറ്റ് 3ന്റെ വിക്ഷേപണം സാങ്കേതികപ്രശ്നങ്ങൾ കണക്കിലെടുത്ത് 27ലേക്ക് മാറ്റി. അന്നേദിവസം രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എൽ.വി.സി. 47 വിക്ഷേപണ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഇതോടൊപ്പം അമേരിക്കൻ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ പ്ളാനറ്റിന്റെ 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിക്കും.
ജൂലായ് 22ന് ചന്ദ്രയാൻ 2 വിക്ഷേപണത്തിന് ശേഷം ഇതാദ്യമായാണ് ഐ. എസ്. ആർ.ഒ. വീണ്ടും ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്. ഇൗ വർഷത്തെ ഐ. എസ്ആർ.ഒയുടെ അഞ്ചാമത്തെ വിക്ഷേപണമാണിത്. ജനുവരിയിൽ കലാംസാറ്റ്,ഏപ്രിലിൽ എമിസാറ്റ്,മെയ് മാസത്തിൽ ആർഐ.സാറ്റ്2ബി, എന്നിവയാണ് ചന്ദ്രയാൻ 2ന് പുറമെ ഇൗ വർഷം നടത്തിയ മറ്റ് വിക്ഷേപണങ്ങൾ. 1625കിലോഗ്രാം ഭാരമുള്ള കാർട്ടോസാറ്റ് 3 അത്യാധുനിക ക്യാമറ സംവിധാനത്തോടെയുള്ള ഉപഗ്രഹമാണ്. രാജ്യത്തെ ദുരന്തനിവാരണം, നഗരാസൂത്രണം തുടങ്ങിയ മേഖലയിലെ സേവനങ്ങളാണ് കാർട്ടോസാറ്റിന്റെ ദൗത്യം. ഭൂമിയിൽ നിന്ന് 509 കിലോമീറ്റർ മേലെയുള്ള ഭ്രമണപഥത്തിലാണിത് ഭൂമിയെ ചുറ്റുക.