തിരുവനന്തപുരം: വെള്ളിയാഴ്ച സമാപിച്ച ജില്ലാകലോത്സവത്തിലെ അപ്പീലുകളിൽ ഡി.ഡി.ഇ നാളെ അന്തിമ തീരുമാനം കൈക്കൊള്ളും. ഇത്തവണ 209 അപ്പീലുകളാണ് ലഭിച്ചത്. അപ്പീൽ നൽകിയ മത്സരാർത്ഥികളെയും രക്ഷിതാക്കളെയും ഇന്നലെ ഡി.ഡി.ഇ ഓഫീസിൽ ഹിയറിംഗിനായി വിളിച്ചുവരുത്തിയിരുന്നു. യോഗത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും തങ്ങളുടെ ആക്ഷേപങ്ങളും പരാതികളും അറിയിച്ചു. യോഗത്തിൽ രക്ഷിതാക്കളും ഉദ്യോഗസ്ഥരും തമ്മിൽ നേരിയ തോതിൽ വാക്കേറ്റമുണ്ടായി. തുടർന്ന് അപ്പീലുകളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി നാളെ ഉച്ചയ്ക്ക് രണ്ടിന് ചാല ബോയ്സ് സ്കൂളിൽ യോഗം ചേരാൻ തീരുമാനിച്ച് ഹിയറിംഗ് അവസാനിപ്പിച്ചു. അപ്പീലുകളിൽ അന്തിമ തീരുമാനം വന്നതിന് ശേഷം മത്സരാർത്ഥികൾക്ക് കാഞ്ഞങ്ങാട് നടക്കാനിരിക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകും.