കോവളം: ഫേസ്ബുക്കിലൂടെ പരിചയം നടിച്ച് പണവും വിലപിടിപ്പുള്ള മൊബൈൽ ഫോണും തട്ടുന്ന സംഘത്തെ തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു. തിരുവല്ലം മടത്തുവിളാകം വേട്ടക്കല്ലിന് സമീപം ടി.സി 65/ 1142ൽ താമസിക്കുന്ന ഷൈനു (31), പോത്തൻകോട് സ്വദേശിനിയായ 17 കാരി എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം തിരുവല്ലം - കോവളം ബൈപാസിൽ വച്ചാണ് ഇവർ അറസ്റ്റിലായത്. ആട്ടോറിക്ഷയിലാണ് സംഘം യാത്ര ചെയ്തിരുന്നത്. തിരുവല്ലം കഴിഞ്ഞപ്പോൾ ഷൈനു വണ്ടിയിൽനിന്നിറങ്ങിയെങ്കിലും പതിനേഴുകാരി യാത്ര തുടർന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയ ശേഷം ഡ്രൈവറെ കബളിപ്പിച്ച് ഇവർ കടന്നുകളയുകയായിരുന്നുവെന്ന് തിരുവല്ലം എസ്.ഐ സമ്പത്ത് പറഞ്ഞു.
ഇവർ ഫേസ്ബുക്കിലൂടെ പലരുമായും ബന്ധം സ്ഥാപിച്ചിരുന്നു. തുടർന്ന് കാറിൽ യാത്ര ചെയ്യുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയ ശേഷം പീഡിപ്പിച്ചെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു പതിവ്. പണം നൽകിയില്ലെങ്കിൽ പ്രതിയെ വിളിച്ചുവരുത്തി ആക്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
കബളിപ്പിക്കപ്പെടുന്നവർ പലരും നാണക്കേട് കാരണം പരാതി നൽകാത്തത് ഇവർക്ക് പ്രചോദനം നൽകി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.