വെള്ളനാട്: പൂജപ്പുര ഹെഡ് പോസ്റ്റോഫീസിലെ ജീവനക്കാരന്റെ ദേഹത്ത് തെങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി. വെള്ളനാട് സ്വദേശി കെ. ചന്ദ്രബാബുവിനാണ് കഴിഞ്ഞ 5ന് വൈകിട്ട് അഞ്ചരയോടെ മുളയറയിൽ നിന്നും വെള്ളനാട്ടെ വീട്ടിലേയ്ക്കുള്ള യാത്രാ മദ്ധ്യേ പരിക്കേറ്റത്. ഭഗവതിപുരം കരുനെല്ലിയോട് തോട്ടിൽ ഹിറ്റാച്ചി ഉപയോഗിച്ച് ചെളി നീക്കം ചെയ്യുന്നതിനിടയിൽ ഹിറ്റാച്ചി തട്ടി തോട്ടിന്റെ കരയിൽ നിന്ന ഉണക്ക തെങ്ങ് ബൈക്ക് യാത്രക്കാരനായ ചന്ദ്രബാബുവിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് നിസ്സാര പരുക്കേൽകുകയും ഒരു കൈ ഒടിയുകയും നെഞ്ചിന് മാരകമായ മുറിവേൽക്കുകയും ചെയ്തു. അപകടം പറ്റിയപ്പോൾ കരാറുകാരനോ ജോലിക്കാരൊ ചന്ദ്രബാബുവിനെ ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ലെന്നും പരാതിയുണ്ട്. തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഗുരുതരമായ പരുക്ക് കാരണം ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര സർജറി നടത്തുകയായിരുന്നു. അരുവിക്കര പൊലീസിൽ ഇദ്ദേഹം പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും ഇതേവരെ കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. എന്നാൽ പരാതിയെപ്പറ്റി അന്വേഷിക്കാൻ എത്തിയ സ്റ്റേഷനിലെ പൊലീസുകാരൻ തെങ്ങ് വീണ സ്ഥലവും ബൈക്ക് അപകടത്തിൽപ്പെട്ട സ്ഥലവും വിദൂരത്തിലാണെന്ന് റിപ്പോർട്ട് ചെയ്തതാണ് കേസെടുക്കാൻ കാലതാമസം നേരിടാൻ കാരണമെന്നും ആക്ഷേപമുണ്ട്. ഗുരുതരമായി പരുക്കേറ്റയാളിന് പൊലീസിന്റെ ഭാഗത്തു നിന്ന് നീതി ലഭിക്കാത്തതിൽ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.