വിതുര: വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ പാലിയേറ്റീവ് കെയർ രംഗത്തും സാന്നിധ്യമാകുന്നു. സാന്ത്വനം എന്ന പേരിൽ ആരംഭിച്ച വിതുര സ്കൂളിന്റെ സ്വന്തം പാലിയേറ്റീവ് കെയർ യൂണിറ്റ് കിടപ്പു രോഗികൾക്ക് സാന്ത്വനമേകാൻ ഇനി കർമ്മ രംഗത്തുണ്ടാകും. വിതുര ഗവ. താലുക്ക് ആശുപത്രി കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന പാലിയേറ്റീവ് കെയർ യൂണിറ്റാണ് വിതുര സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾക്ക് പരിശീലനവും മാർഗ നിർദ്ദേശങ്ങളും നൽകുന്നത്. കെഡറ്റുകൾക്കായി വിതുര ഗ്രാമപഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്തമായി ഏകദിന പാലിയേറ്റീവ് വോളന്റിയർ പരിശീലനവും നൽകിയിരുന്നു. ശനിയാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലുമാണ് പാലിയേറ്റീവ് നഴ്സുമാർക്കൊപ്പം കെഡറ്റുകൾ രോഗീപരിചരണത്തിനായി പോകുന്നത്. ഇതിനു പുറമേ താലൂക്കാശുപത്രിയിൽ ക്ലിനിക്ക് പരിശീലനവും നൽകും. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളിലൊന്നായ വീട്ടിലെ കൂട്ടുകാർ എന്ന പരിപാടിയുടെ ഭാഗമായാണ് സാന്ത്വനം പാലിയേറ്റീവ് കെയർ യൂണിറ്റ് സ്കൂളിൽ രൂപീകരിച്ചത്. കമ്മൂണിറ്റി പൊലീസ് ഒാഫീസർ അൻവർ,സ്കൂൾ പ്രിൻസിപ്പൽമാരായ ഡോ. ഷീജ, മറിയാമ്മാചാക്കോ, ഹെഡ്മിസ്ട്രസ് ജോതിഷ് ജലൻ, പി.ടി.എ പ്രസിഡന്റ് കണ്ണങ്കര ഭുവനചന്ദ്രൻ, എസ്.എം.സി ചെയർമാൻ കെ. വിനീഷ് കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തിക്കുന്നത്.