തിരുവനന്തപുരം: വാട്ടർ അതോറിട്ടി എം.ഡി സ്ഥാനത്ത് നിന്ന് ഐ.എ.എസുകാരനായ എം.കൗശിഗനെ മാറ്റിയ ശേഷം പകരം ആളെ നിയമിക്കാത്ത സർക്കാർ നടപടി എൻജിനിയർ ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം.
എം.ഡി സ്ഥാനത്ത് ഐ.എ.എസുകാർ വേണ്ടെന്ന് നേരത്തെ തന്നെ എൻജിനിയമാർ നിലപാടെടുത്തിരുന്നു. ആലപ്പുഴയിലെ പൈപ്പ് പൊട്ടലിനെ തുടർന്ന് കൗശിഗനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി മാറ്റി നിയമിച്ചെങ്കിലും എം.ഡിയുടെ അധികച്ചുമതല ജലവിഭവ സെക്രട്ടറി ഡോ.ബി.അശോകിനാണ് നൽകിയത്. ഫലത്തിൽ മുതിർന്ന അംഗമായ ടെക്‌നിക്കൽ മെമ്പറാണ് ദൈനംദിന കാര്യങ്ങൾ തീരുമാനിക്കുന്നത്. .ഐ.എ.എസുകാരെ എം.ഡിയാക്കരുതെന്നാവശ്യപ്പെട്ട് മുതിർന്ന എൻജിനിയർമാർ ജലവിഭവമന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തി വരുകയായിരുന്നു. ആറ് ഐ.എ.എസുകാരാണ് ഇതുവരെ വാട്ടർ അതോറിട്ടി എം.ഡിയായത്. ഇവരിൽ അശോക്‌കുമാർ സിംഗും അജിത്ത് പാട്ടീലും സാങ്കേതിക പരിജ്ഞാനമുള്ളവരായിരുന്നു.
2010 വരെ വാട്ടർ അതോറിട്ടിയിലെ മുതിർന്ന ചീഫ് എൻജിനിയറാണ് എം.ഡി സ്ഥാനത്തെത്തിയിരുന്നത്. എന്നാൽ സീനിയോറിട്ടിയെച്ചൊല്ലി എൻജിനിയർമാർ പോരടിച്ചതോടെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ ഐ.എ.എസുകാരനെ നിയമിക്കുകയായിരുന്നു.. മുമ്പ് എം.ഡിയുടെ അഭാവത്തിൽ ടെക്‌നിക്കൽ മെമ്പർക്കായിരുന്നു ദൈനംദിന കാര്യങ്ങളുടെ ചുമതല. ഐ.എ.എസുകാർ തലപ്പെത്തെത്തിയതോടെ ടെക്‌നിക്കൽ മെമ്പറുടെ അധികാരം ചുരുങ്ങി.നിലവിലെ ടെക്‌നിക്കൽ മെമ്പർ അടുത്ത വർഷം വിരമിക്കും.. അദ്ദേഹത്തിന് എം.ഡിയുടെ ചുമതല നൽകാനാണ് നീക്കമെന്ന് പറയുന്നു.
ആക്ഷേപം
ഇങ്ങനെ:
ഐ.എ.എസുകാർ എം.ഡിമാരായി എത്തിയതോടെ എൻജിനിയർമാരും കരാറുകാരും ഒത്തുകളിച്ച് യഥേഷ്‌ടം ബില്ലുകൾ മാറുന്നതിന് അന്ത്യമായി.
ഐ.എ.എസുകാരായ എം.ഡിമാർക്ക് പദ്ധതി വിവരങ്ങൾ കൈമാറാൻ എൻജിനിയർമാർ വിസമ്മതിക്കുകയും വൈകിപ്പിക്കുകയും ചെയ്തിരുന്നു.
എൻജിനിയർമാരുടെ വാദം
ഐ.എ.എസുകാർക്ക് സാങ്കേതിക പരിജ്ഞാനമില്ല.
അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതി നിർവഹണം വൈകിപ്പിക്കുന്നു.